അസമിൽ കുടിയൊഴിപ്പിച്ചവരുടെ പ്രതിഷേധത്തിനുനേരെ പൊലീസ് വെടിവെപ്പ്; രണ്ടു മരണം
text_fieldsഗുവാഹതി: അസമിലെ ധറാങ് ജില്ലയിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അനധികൃത കൈയേറ്റമെന്ന് ആരോപിച്ച് സിപാജറിൽ സർക്കാർ ഒഴിപ്പിച്ച 800ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെയാണ് വെടിവെപ്പുണ്ടായത്.
സദ്ദാം ഹുസൈൻ, ശൈഖ് ഫരീദ് എന്നിവരാണ് മരിച്ചത്. പ്രതിഷേധക്കാർ കല്ലേറു നടത്തുകയും പൊലീസിനെയും മറ്റും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് വെടിവെച്ചതെന്ന് ധറാങ് ജില്ല പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമ പറഞ്ഞു.
പരിക്കേറ്റ മൂന്നു പൊലീസുകാർ അടക്കമുള്ളവരെ ഗുവാഹതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിട്ടശേഷം ധോൽപൂർ മേഖലയിൽ ഒഴിപ്പിക്കൽ തുടർന്നതായും പൊലീസ് പറഞ്ഞു.
ഒഴിപ്പിക്കലിൽ മാറ്റമുണ്ടാവില്ലെന്നും പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗുവാഹതിയിൽ പറഞ്ഞു. 800 കുടുംബങ്ങളെ ഒഴിപ്പിച്ച ജില്ല ഭരണകൂടം അനധികൃത നിർമാണമെന്ന് ആരോപിച്ച് സിപാജറിൽ മൂന്നു പള്ളികളും തകർത്തിട്ടുണ്ട്.
കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ അസം മൈനോറിറ്റീസ് സ്റ്റുഡൻറ്സ് യൂനിയൻ (എ.എ.എം.എസ്.യു) സംസ്ഥാനത്ത് ബുധനാഴ്ച മനുഷ്യച്ചങ്ങല സൃഷ്ടിച്ചിരുന്നു. ''സിപാജറിൽ മൂന്നുദിവസം മാത്രം സമയം നൽകി നടത്തിയ ന്യൂനപക്ഷ ഒഴിപ്പിക്കലിൽ അനേകം കുടുംബങ്ങൾ വഴിയാധാരമായിരിക്കുകയാണ്. ഇവരെ ഉടൻ പുനരധിവസിപ്പിക്കണം.''-എ.എ.എം.എസ്.യു ജനറൽ സെക്രട്ടറി മുഹമ്മദ് ഇംതിയാസ് ഹുസൈൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.