ഹെൽമറ്റ് ധരിച്ചില്ല; കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ദമ്പതികളെ മണിക്കൂറുകൾ വഴിതടഞ്ഞ് പൊലീസ്
text_fieldsബംഗളൂരു: മാണ്ഡ്യയിൽ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കു പോയ ദമ്പതികളെ മണിക്കൂറുകളോളം വഴിയിൽ തടഞ്ഞു നിർത്തി പൊലീസ്. ഹെൽമറ്റു ധരിച്ചില്ലെന്ന കാരണത്താൽ പിഴ അടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, പിഴ അടക്കാനുള്ള തുക തങ്ങളുടെ കൈവശമില്ലെന്ന് ദമ്പതികൾ അറിയിച്ചു. കുട്ടിയുമായി ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ടും പൊലീസ് ഇവരെ വഴിയിൽ തടഞ്ഞു നിർത്തുകയായിരുന്നു.
മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ പിതാവ് തന്‍റെ സുഹൃത്തിന്‍റെ പക്കൽ നിന്നും പണവുമായെത്തി പിഴയടച്ചു. തുടർന്ന് പൊലീസ് ഇവർക്ക് ബൈക്ക് കൈമാറി. സംഭവത്തെ അപലപിച്ച് മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രംഗത്തെത്തി. മനുഷ്യത്വം മരവിക്കുന്ന ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ച് വരുന്നതിൽ അദ്ദേഹം ആശങ്കയറിയിച്ചു. ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ തകർത്തെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്നും പൊലീസ് സംവിധാനം ജനസൗഹൃദമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.