ആർ.എസ്.എസിനെ പറയരുതെന്ന് പൊലീസ്; ഗോഡ്സെയുടെ പിൻഗാമികൾക്ക് ഇവിടെ ഇടമില്ലെന്ന് പ്രതിജ്ഞയെടുക്കാമെന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയകക്ഷികളുടെ ആഭിമുഖ്യത്തിൽ കോയമ്പത്തൂരിൽ നടന്ന പ്രതിജ്ഞ ചൊല്ലൽ ചടങ്ങിലെ പൊലീസ് ഇടപെടൽ തർക്കത്തിനും ബഹളത്തിനും കാരണമായി. കോയമ്പത്തൂർ ശിവാനന്ദ കോളനിയിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി തുടങ്ങുന്നതിന് മുൻപ് സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ 'ഹിന്ദു വർഗീയവാദികളുടെ വെടിയേറ്റ് മരിച്ച ഗാന്ധിജിയുടെ രക്തസാക്ഷിദിനം' എന്നെഴുതിയ ബാനർ നീക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ബാനറിലെ 'ഹിന്ദു' എന്ന വാക്ക് മറച്ചുവെച്ചാണ് പരിപാടിക്ക് അനുമതി നൽകിയത്. തുടർന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ജി.രാമകൃഷ്ണൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തൂ. ഈ സമയത്തും പൊലീസ് ഉദ്യോഗസ്ഥർ കയറിവന്ന് ചടങ്ങ് തടസപ്പെടുത്തി.
'ഹിന്ദു വർഗീയവാദിയായ ഗോഡ്സെയുടെ വെടിയേറ്റുമരിച്ച ഗാന്ധിജി'യെന്ന പ്രതിജ്ഞയിലെ വാചകം ചൊല്ലരുതെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്.
ഗാന്ധിജിയെ ഗോഡ്സെയല്ലെ വെടിെവച്ച് കൊന്നതെന്നും ഗോഡ്സെയെ പ്രശംസിക്കുകയാണോ വേണ്ടതെന്നും നേതാക്കൾ പൊലീസിനോട് ചോദിച്ചു. എന്നാൽ ഹിന്ദു വർഗീയവാദികൾ, ആർ.എസ്.എസ്, ഗോഡ്സെ പോലുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. ഏതൊരു മതത്തിനെതിരെയും തങ്ങൾ സംസാരിച്ചിട്ടില്ലെന്നും നേതാക്കൾ അറിയിച്ചു. പിന്നീട് ഏറെ നേരത്തെ തർക്കത്തിനുശേഷം പൊലീസ് പിന്തിരിയുകയായിരുന്നു.
തന്തൈ പെരിയാർ ദ്രാവിഡ കഴകം, വിടുതലൈ ശിറുതൈകൾ കക്ഷി തുടങ്ങിയ വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയുടെ പേര് പറയരുതെന്ന പൊലീസ് നിലപാട് അപലപനീയമാണെന്ന് ജി.രാമകൃഷ്ണൻ പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതിനിടെ ഗോഡ്സെയുടെ പിൻഗാമികൾക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ലെന്ന് പ്രതിജ്ഞയെടുക്കാമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചതും ശ്രദ്ധിക്കപ്പെട്ടു. നേരത്തെ ചെന്നൈ മറിന കടൽക്കരയിലെ രക്തസാക്ഷി ദിനാചരണ ചടങ്ങിൽ ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.