5ജി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയെന്ന് പൊലീസ് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: അതിവേഗ 5ജി ടെലികോം നെറ്റ്വർക് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയാണെന്ന് പൊലീസ് റിപ്പോർട്ട്. മയക്കുമരുന്ന്-മനുഷ്യ-അവയവ കടത്തിനും ഭീകര ഫണ്ടിങ്ങിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും 5ജി നെറ്റ്വർക് ഉപയോഗിച്ചേക്കാമെന്നും സൈബർ ആക്രമണത്തിന് പെട്ടെന്ന് വിധേയമാകാൻ സാധ്യതയുള്ളതാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്ത ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും യോഗത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച റിപ്പോർട്ടിലാണ് 5ജി നെറ്റ്വർക് ഉപയോഗം സംബന്ധിച്ച ആശങ്കകളുള്ളത്. തുറന്നതും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായ ഇൻറർനെറ്റ് പ്രോട്ടോകോൾ അടിസ്ഥാനമാക്കിയുള്ളതാണ് 5ജി. ഇതുമൂലം സൈബർ ആക്രമണ സാധ്യത കൂടും.
അതുവഴി മുഴുവൻ സംവിധാനത്തിന്റെയും സുരക്ഷയുടെ കാര്യത്തിലും ആശങ്ക വർധിക്കും. 5ജിയിലേക്ക് മാറുന്നതോടെ സർക്കാർ സംവിധാനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും റിപ്പോർട്ട് നിർദേശിച്ചു. ബാൻഡ്വിഡ്ത്ത് പരിമിതപ്പെടുത്തുക, സർക്കാർ-സൈനിക ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കുടുതൽ സുരക്ഷിതമാക്കുക, കുറഞ്ഞ സൈബർ അപകടസാധ്യതയുള്ള സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക, പരമാവധി സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു. ക്രിപ്റ്റോ കറൻസിയും വികേന്ദ്രീകൃത ബാങ്കിങ് സംവിധാനങ്ങളും ജനപ്രിയമാവുന്ന കാലത്ത് 5ജിയും എത്തുന്നതോടെ മയക്കുമരുന്ന്-മനുഷ്യ-അവയവ കടത്ത്, ഭീകര ഫണ്ടിങ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ വർധിച്ചേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.