വിദ്വേഷ പോസ്റ്റ്: യുവമോർച്ച നേതാവ് വിനോജിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പൊലീസിനെ വിലക്കി മദ്രാസ് ഹൈക്കോടതി
text_fieldsസമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഭാരതീയ ജനതാ യുവമോർച്ച തമിഴ്നാട് പ്രസിഡന്റ് വിനോജ് പി. ശെൽവത്തെ ഫെബ്രുവരി 7 വരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പൊലീസിനെ വിലക്കി മദ്രാസ് ഹൈക്കോടതി. വിനോജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ടതിന് ശേഷമാണ് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ടി. വി തമിഴ്സെൽവി പൊലീസിന് നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസമാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഐ.പി.സിയുടെ വിവിധ വകുപ്പുകൾ പ്രകാരം ചെന്നൈ സൈബർ ക്രൈം സെൽ വിനോജിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സമൂഹമാധ്യമത്തിൽ അത്തരം പോസ്റ്റ് ഇട്ടതെന്നും പോസ്റ്റിൽ പറയുന്ന അഭിപ്രായങ്ങൾ ഭരണഘടന അനുശാസിക്കുന്ന ആവിഷ്ക്കാര സ്വാതന്ത്രത്തിന് കീഴിലാണെന്നും വിനോജ് പി. ശെൽവം അഭിപ്രായപ്പെട്ടു. ജനങ്ങൾക്കിടയിൽ ശത്രുതയോ വിദ്വേഷമോ വളർത്താൻ ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്ന് ജാമ്യാപേക്ഷയിൽ ഉന്നയിച്ച വിനോജ് ആരോപണങ്ങൾ പൂർണ്ണമായി നിഷേധിക്കുകയും ചെയ്തു. ഹിന്ദുക്ഷേത്രങ്ങൾ വ്യാപകമായി തകർക്കുന്നതുമായി ബന്ധപ്പെട്ട പോസ്റ്റായിരുന്നു വിനോജ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.