‘ബോയ്സ് ലോക്കർ റൂം’ വിവാദത്തിൽ ട്വിസ്റ്റ്; ആ മെസേജ് അയച്ചത് ആൺകുട്ടിയല്ല
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സ്കൂൾ വിദ്യാർഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചിള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യ തലസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് നടന്നതായി വെളിപ്പെടുത്തുകയാണ് പൊലീസ്. വിവാദത്തിനാധാരമായ കമൻറ് ഒരു പെൺകുട്ടി വ്യാജ മേൽവിലാസത്തിൽ സൃഹൃത്തായ ആൺകുട്ടിയെ പരീക്ഷിക്കാൻ വേണ്ടി നടത്തിയ നാടകമാണെന്നാണ് കണ്ടെത്തിയത്.
ഈ പെൺകുട്ടിയും ആൺകുട്ടിക്കും ‘ബോയ്സ് ലോക്കർ റൂമുമായി’ ബന്ധമില്ലെന്നും സ്നാപ്ചാറ്റിൽ നടന്ന ചാറ്റിൻെറ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ ചോർന്നതിൻെറ ഫലമായി ഗ്രൂപ്പിലും എത്തിപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ‘വിവാദങ്ങൾക്കാധാരമായ സംഭാഷണം ഒരുപെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ നടത്തിയതാണ്. ‘സിദ്ധാർഥ്’ എന്ന വ്യാജ നാമധേയത്തിലാണ് പെൺകുട്ടി മെസേജുകൾ അയച്ചിരുന്നത്. അവളുടെ പേര് തന്നെ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള പദ്ധതി മുന്നോട്ടുവെച്ചു. മറുവശത്തുള്ള ആൺകുട്ടിയുടെ പ്രതികരണം അറിയാനും അവൻെറ വ്യക്തിത്വം തിരിച്ചറിയാനും വേണ്ടിയായിരുന്നു പെൺകുട്ടിയുടെ പ്രവർത്തി’ ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ അന്വേഷ് റോയ് മാധ്യമങ്ങളോട് വിശദീകരിച്ചു.
പെൺകുട്ടിയുടെ ആവശ്യം കേട്ട് ഞെട്ടിയ യുവാവ് നിരാകരിക്കുകയും ചാറ്റ് ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ശേഷം ചാറ്റിനെക്കുറിച്ച് വിവാദ നായികയായ പെൺകുട്ടിയടക്കമുള്ള തൻെറ സുഹൃത്തുക്കളോട് ആൺകുട്ടി ഇക്കാര്യം ചർച്ച ചെയ്യുകയും സ്ക്രീൻഷോട്ട് പങ്കുവെക്കുകയും ചെയ്തു. എന്നാൽ താനാണ് മെസേജ് അയച്ചതെന്ന വിവരം തുറന്നുപറയാൻ പെൺകുട്ടി തയാറായില്ല. ആൺകുട്ടിയുടെ സുഹൃത്തുക്കളിൽ ഒരാൾ സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും സംഗതി കൈവിട്ടുപോകുകയുമായിരുന്നു.
വ്യാജ ഐ.ഡി നിർമിക്കുന്നത് തെറ്റാണെങ്കിലും അവർക്ക് ദുരുദ്ദേശം ഒന്നും ഇല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അശ്ലീല സന്ദേശങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ബോയ്സ് ലോക്കർ റൂം ഗ്രൂപ്പിൽ അംഗമായ പ്ലസ്ടു വിദ്യാർഥിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.