അറസ്റ്റിലായ ലൈംഗിക തൊഴിലാളികളുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുത്; മാന്യമായി പെരുമാറണം - പൊലീസിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലൈംഗിക തൊഴിലാളികളോട് മാന്യമായി പെരുമാറണമെന്ന് പൊലീസിന് സുപ്രീംകോടതി നിർദേശം. റെയ്ഡ്, അറസ്റ്റ് തുടങ്ങിയ സമയത്ത് ലൈംഗിക തൊഴിലാളികളുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഇതിന് ആവശ്യമായ മാർഗ രേഖ പുറപ്പെടുവിപ്പിക്കണം. അവരെ ശാരീരികമായോ വാക്കാലോ ഉപ്രദവിക്കരുതെന്നും മറ്റുള്ളവർക്കുള്ള അന്തസും മാന്യതയും ലഭിക്കാൻ അവരും അർഹരാണെന്നും ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
ലൈംഗിക തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും അന്തസ്സോടെയും മാന്യതയോടെയും ജീവിക്കാനുള്ള അവകാശവും മറ്റും നിഷേധിക്കപ്പെടുന്നു. തൊഴിൽ ഏതായാലും രാജ്യത്തെ ഓരോ വ്യക്തിക്കും ഇന്ത്യൻ ഭരണഘടന പ്രകാരം മാന്യമായി ജീവിക്കാൻ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മനുഷ്യക്കടത്ത് തടയൽ, ലൈംഗിക തൊഴിൽ ഉപേക്ഷിച്ചവരുടെ പുനരധിവാസം തുടങ്ങിയവ പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ സുപ്രീംകോടതി 2011ൽ സമിതിയെ നിയോഗിച്ചിരുന്നു. സമിതി സമർപ്പിച്ച നിർദേശങ്ങൾ പരിഗണനയിലാണെന്നും കരട് നിയമനിർമാണം തയാറാക്കികൊണ്ടിരിക്കുകയാണെന്നും 2016ൽ കേന്ദ്രം കോടതിയെ അറിയിക്കുകയുണ്ടായി. നിയമ നിർമാണം നീണ്ടുപോകുന്നതിനെ തുർന്ന് കോടതി പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിർദേശം പുറപ്പെടുവിച്ചത്.
ലൈംഗിക അതിക്രമത്തിൽ നിന്ന് അതിജീവിച്ചവർക്ക് ലഭിക്കുന്ന പരിഗണന ലൈംഗിക അതിക്രമത്തിന് ഇരയായ ലൈംഗിക തൊഴിലാളികൾക്കും ലഭ്യമാക്കണം. ലൈംഗിക തൊഴിലാളികളോട് പലപ്പോഴും പൊലീസ് സമീപനം ക്രൂരവും അക്രമാസക്തവുമാണ്. മറ്റുള്ളവർക്ക് ലഭിക്കുന്ന അവകാശം അവർക്കുമുണ്ട്.
പൊലീസ് ശാരീരികമായോ വാക്കലോ ഉപ്രദവിക്കരുത്. ലൈംഗികത്തൊഴിലാളികൾ അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി ഉപയോഗിക്കുന്ന ഗർഭ നിരോധന ഉറപോലുള്ളവ കുറ്റകൃത്യം നടത്തിയതിന്‍റെ തെളിവായി കാണരുത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, നാഷണൽ ലീഗൽ സർവീസ് അതോറിറ്റി, സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എന്നിവ മുഖേന ലൈംഗികത്തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന് ശിൽപശാലകൾ നടത്തണം. പൊലീസിന്‍റെ ഭാഗത്തു നിന്നുമുണ്ടാകുന്ന അതിക്രങ്ങൾക്കെതിരെ എങ്ങനെ നിയമ സഹായം ലഭ്യമാവുമെന്ന് അറിയിക്കണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.