കശ്മീർ രക്തസാക്ഷി ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നത് തടഞ്ഞു; പൊലീസിനെതിരെ ഉമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും
text_fieldsകശ്മീർ രക്തസാക്ഷി ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നതിൽനിന്ന് തങ്ങളെ കേന്ദ്ര ഭരണകൂടവും പൊലീസും തടഞ്ഞെന്ന് മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും.
തനിക്കുള്ള സുരക്ഷ സംവിധാനവും അകമ്പടി വാഹനവും കശ്മീർ പൊലീസ് നിഷേധിച്ചെന്നും കാൽനടയായാണ് പാർട്ടി ഓഫിസിലേക്ക് പോയതെന്നും ഉമർ പറഞ്ഞു. നടന്നുപോകുന്നതിന്‍റെ വിഡിയോ ഉൾപ്പെടെ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘പ്രിയപ്പെട്ട കശ്മീർ പൊലീസ്, എന്റെ അകമ്പടി വാഹനങ്ങളും ഐ.ടി.ബി.പി സുരക്ഷയും എനിക്ക് നിഷേധിക്കുന്നതിലൂടെ എന്നെ തടയുമെന്ന് കരുതരുത്. എനിക്ക് എത്തേണ്ട സ്ഥലത്തേക്ക് ഞാൻ നടന്നുപോകും, അതാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്’ -ഉമർ ട്വിറ്ററിൽ കുറിച്ചു.
ഗുപ്കറിലെ വസതിയിൽനിന്ന് സീറോ ബ്രിഡ്ജിലെ പാർട്ടി ഓഫിസിലേക്ക് സുരക്ഷ ജീവനക്കാർക്കൊപ്പം നടന്നാണ് അദ്ദേഹം പോയതെന്ന് വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മുതിർന്ന നേതാക്കളെ വീട്ടു തടങ്കലിലാക്കി പാർട്ടി ഓഫിസിലേക്ക് വരുന്നതിൽനിന്ന് തടഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രക്തസാക്ഷി ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനിരിക്കെയാണ് പൊലീസ് നടപടി. 1931ൽ കൊല്ലപ്പെട്ട കശ്മീരികളുടെ ഖബറിടം സന്ദർശിക്കാനിരുന്ന മെഹ്ബൂബ മുഫ്തിയെയും പൊലീസ് വീട്ടുതടങ്കലിലാക്കി. ‘വിദ്വേഷവും ഭിന്നിപ്പും പരത്തിയ വീർ സവർക്കർ, ശ്യാമ പ്രസാദ് മുഖർജി, ഗോൾവാൽക്കർ, ഗോഡ്‌സെ തുടങ്ങിയ ബി.ജെ.പിയുടെ ഹീറോകളെ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. കശ്മീരിലെ ജനാധിപത്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർ അവരുടെ ധീരമായ പ്രവർത്തനത്തിന് എന്നും ആദരിക്കപ്പെടും. ഞങ്ങളുടെ ചരിത്രത്തെ വളച്ചൊടിക്കാനോ, നായകന്മാരെ മറക്കാനോ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല’ -മെഹ്ബൂബ ട്വീറ്റ് ചെയ്തു.
ജമ്മു-കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ 370 അനുച്ഛേദം 2019 ആഗസ്റ്റിൽ റദ്ദാക്കുന്നതുവരെ ജൂലൈ 13 സംസ്ഥാനത്ത് പൊതു അവധിയായിരുന്നു. അന്ന് മുഖ്യമന്ത്രിയും ഗവർണറും മുഖ്യാതിഥികളായി പങ്കെടുക്കുന്ന പ്രത്യേക പരിപാടികളും നടന്നിരുന്നു. ആ വർഷം ഡിസംബറിൽ കേന്ദ്ര സർക്കാർ ജമ്മു-കശ്മീരിന്റെ ഔദ്യോഗിക അവധി ദിനത്തിൽനിന്ന് ജൂലൈ 13 ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.