ഉന്നാവ് പെൺകുട്ടികളെ കൊലപ്പെടുത്തിയത് വിഷം നൽകിയെന്ന് സംശയം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഉന്നാവിൽ കൊല്ലപ്പെട്ട രണ്ടു ദലിത് പെൺകുട്ടികളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൂന്നംഗ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ വ്യാഴാഴ്ച പൂർത്തീകരിച്ചത്. പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് ഉന്നാവ് പൊലീസ് സൂപ്രണ്ട് ആനന്ദ് കുൽക്കർണി പറഞ്ഞു. പെൺകുട്ടികളുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്താനായിട്ടില്ല. ഇരകളുടെ മാതാവും സഹോദരനും നൽകിയ മൊഴിയിൽ വൈരുധ്യമുണ്ട്. ബന്ധുക്കളുടെയും മറ്റും മൊഴി രേഖപ്പെടുത്തിവരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും എസ്.പി കൂട്ടിച്ചേർത്തു.
അതിനിടെ, പൊലീസ് രക്ഷപ്പെടുത്തി കാൺപുർ റീജൻസി ആശുപത്രിയിലെത്തിച്ച മൂന്നാമത്തെ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. െവൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വിഷം അകത്തുചെന്നുവെന്ന സംശയത്തിലാണ് ചികിത്സ തുടരുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടിക്ക് സർക്കാർ സഹായത്തോടെ മികച്ച ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ദലിത് സമൂഹത്തെ അടിച്ചമർത്തുന്നതിനൊപ്പം സ്ത്രീകളുടെ മാനവും അവകാശങ്ങളും ഇല്ലാതാക്കുകയുമാണ് യു.പി സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
കേസിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതിയും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ടാണ് കാലികൾക്ക് പുല്ലുപറിക്കാൻ പോയ 14നും 16നും ഇടയിൽ പ്രായമുള്ള മൂന്നു പെൺകുട്ടികളെ കാണാതായത്.
ഗ്രാമവാസികൾ നടത്തിയ പരിശോധനയിൽ അസോഹ ജില്ലയിലെ ബാബുഹര ഗ്രാമത്തിലുള്ള ഗോതമ്പുപാടത്ത് കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെയും പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു കുട്ടികൾ വഴിമധ്യേ മരിച്ചിരുന്നു.
മരണത്തിൽ ദുരൂഹത; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കണ്ടെത്താനായില്ല
ലഖ്നോ: ഉന്നാവിൽ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം കൃത്യമായി നിർണയിക്കാനായിട്ടില്ലെന്ന് ഡി.ജി.പി ഹിതേഷ് ചന്ദ്ര അശ്വതി വ്യക്തമാക്കി. കൊല്ലപ്പെടും മുമ്പ് കുട്ടികളുടെ ശരീരത്തിൽ മർദനമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടില്ല. വിദഗ്ധ പരിശോധനക്കായി ശരീരത്തിലെ ആന്തരികാവയവങ്ങൾ ലബോറട്ടറി പരിശോധനക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.