ബാച്ലേഴ്സിനെ 'നിരീക്ഷിക്കാൻ' പൊലീസ്: പ്രചരിക്കുന്ന അറിയിപ്പ് വ്യാജമെന്ന് കമീഷണർ
text_fieldsബംഗളൂരു: മയക്കുമരുന്ന് റാക്കറ്റുകളുടെ പശ്ചാത്തലത്തിൽ ഒറ്റക്ക് താമസിക്കുന്ന അവിവാഹിതരായ യുവാക്കളുടെ വ്യക്തിവിവരങ്ങൾ അറിയിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു പൊലീസിേൻറതെന്ന പേരിലുള്ള അറിയിപ്പ് വൈറലാകുന്നു.
വൈറ്റ്ഫീൽഡ് മേഖലയിലെ താമസക്കാരോടാണ് ഫ്ലാറ്റുകളിലും മറ്റു വീടുകളിലും ഒറ്റക്ക് കഴിയുന്ന യുവാക്കളുടെ വിലാസവും മറ്റു വിവരങ്ങളും നൽകാൻ ആവശ്യപ്പെട്ടുള്ള കുറിപ്പ് പൊലീസിെൻറ നിർദേശമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എന്നാൽ, യുവാക്കളെ നിരീക്ഷിക്കാൻ റെസിഡൻറ്സ് അസോസിയേഷനുകൾക്കോ മറ്റ് അടുത്ത താമസക്കാർക്കോ നിർദേശം നൽകിയിട്ടില്ലെന്നും സന്ദേശം വ്യാജമാണെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണർ കമൽ പന്ത് അറിയിച്ചു.
വൈറ്റ്ഫീൽഡ് പൊലീസോ കാടുഗൊടി പൊലീസോ ഇത്തരത്തിലൊരു നിർദേശം നൽകിയിട്ടില്ല. ഏതെങ്കിലും പൊലീസുകാർ ഇത്തരത്തിൽ സന്ദേശം അയച്ചോ എന്നതിെനപ്പറ്റി അന്വേഷിക്കുമെന്നും തീർത്തും നിയമവിരുദ്ധമായ കുറിപ്പാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റക്ക് താമസിക്കുന്ന യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ വിവരങ്ങൾ ഫ്ലാറ്റ് നമ്പറും ഫോൺ നമ്പറും പേരും വാഹന നമ്പറും ഉൾപ്പെടെ നൽകണമെന്നും അറിയിപ്പിൽ പറയുന്നു.
രാത്രി വൈകി മുറിയിലെത്തുന്നവരെയും നിരീക്ഷിക്കണം, രാത്രി പാർട്ടിപോലുള്ള സംശയകരമായ പരിപാടി നടന്നാലും അറിയിക്കണം എന്നിങ്ങനെയുള്ള അറിയിപ്പാണ് പ്രചരിക്കുന്നത്. സംശയകരമായ സംഭവം അറിഞ്ഞാൽ പൊലീസ് കാടുഗൊടി, വൈറ്റ്ഫീൽഡ് മേഖലയിൽ റെയ്ഡ് നടത്തുമെന്നും പറയുന്നുണ്ട്.
മയക്കുമരുന്നിെൻറ പേരിൽ നഗരത്തിലെ ജനങ്ങൾക്കുനേരെയുള്ള പൊലീസിെൻറ സദാചാര പ്രവർത്തനമാണ് ഇതെന്ന ആരോപണമാണ് ഇതോടെ ഉയർന്നത്. ആളുകളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ നിയമവിരുദ്ധമായി തേടി നിരീക്ഷിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് പ്രതികരണം.
അതേസമയം, ഇത്തരം മണ്ടത്തം ഒരു പൊലീസുകാരനും കാണിക്കില്ലെന്നും നിയമപ്രകാരമല്ലാതെ ആരുടെയും വീടുകളിൽ റെയ്ഡ് നടത്തില്ലെന്നും നിരീക്ഷിക്കില്ലെന്നും സിറ്റി പൊലീസ് കമീഷണർ കമൽ പന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.