35 ആഡംബര കാറുകളുമായി സ്കൂൾ വിദ്യാർഥികളുടെ റോഡ് ഷോ!; കേസെടുത്ത് പൊലീസ് -വിഡിയോ
text_fieldsസൂറത്ത്: പൊതുനിരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയ ‘വാഹന ഷോ‘യുമായി സൂറത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥികൾ. 35 ആഡംബര കാറുകളുമായി 12-ാം ക്ലാസ് വിദ്യാർഥികൾ നടത്തിയ വാഹന പരേഡിന്റെ ഡ്രോൺ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് ഗതാഗത നിയമ ലംഘനത്തിന് നടപടി സ്വീകരിച്ചു.
സൂറത്തിലെ ജഹാംഗിർപുരയിൽ ഫെബ്രുവരി ഏഴിനാണ് സംഭവം. സ്കൂളിലെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചാണ് വിദ്യാർഥികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ബോളിവുഡ് സിനിമയായ അനിമലിലെ ‘അരജൻ വല്ലി’ ഗാനവും കേൾക്കാം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ നടപടിയെടുക്കാത്തതിൽ അധികൃതർക്കെതിരെ വിമർശനങ്ങൾ ഉയർന്നു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒന്നിലധികം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടതായി ഡെപ്യൂട്ടി കമീഷണർ അമിത വനാനി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഉത്തരവാദികളായവർക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും വനാനി അറിയിച്ചിട്ടുണ്ട്.
രക്ഷിതാക്കളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ പൊലീസ് സന്ദർശിച്ചു. അതേസമയം, ഇത്തരം പ്രവർത്തനങ്ങളെ സ്ഥാപനം അംഗീകരിക്കുന്നില്ലെന്ന് സ്കൂൾ സ്ഥാപകൻ വർദൻ കബ്ര പറഞ്ഞു. ‘പൊലീസുമായി പൂർണാർഥത്തിൽ സഹകരിക്കും. ആവശ്യമായ വിവരങ്ങൾ അവർക്ക് നൽകിയിട്ടുണ്ട്. സാധുവായ ലൈസൻസ് ഉണ്ടെങ്കിലും, യാത്രയയപ്പ് പരിപാടിക്ക് സ്വകാര്യ വാഹനങ്ങളിൽ വരരുതെന്ന് വിദ്യാർഥികൾക്ക് മുൻകൂട്ടി മെയിൽ അയച്ചിരുന്നു. രക്ഷിതാക്കളോ ഡ്രൈവർമാരോ വിദ്യാർഥികളെ വാഹനങ്ങളിൽ സ്കൂളുകളിലെത്തിക്കാനാണ് നിർദേശിച്ചിരുന്നത്. കുട്ടികൾക്ക് സ്കൂളിലെത്താൻ ബസും ഒരുക്കിയിരുന്നു‘ -കബ്ര പറഞ്ഞു. 26 കാറുകൾ തിരിച്ചറിഞ്ഞതായും 12 കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തതായും ഡി.സി.പി രാകേഷ് ബാരോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.