കർഷകരെ തുരത്താൻ ഡ്രോണും; കണ്ണീർവാതകം ആകാശത്തുനിന്ന് -VIDEO
text_fieldsന്യൂഡൽഹി: 'ദില്ലി ചലോ' റാലിയുമായി ഡൽഹി ലക്ഷ്യമാക്കി നീങ്ങിയ കർഷക പ്രക്ഷോഭകരെ നേരിടാൻ ഡ്രോൺ ഉപയോഗിച്ച് ഡൽഹി പൊലീസ്. പ്രത്യേക ഡ്രോൺ ഉപയോഗിച്ച് കർഷകർക്ക് മേൽ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയായിരുന്നു.
പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ വെച്ചാണ് പൊലീസ് കർഷകരെ നേരിട്ടത്. ഇവിടെ വൻ സേനാ വിന്യാസം നടത്തിയിരുന്നു. കൂറ്റൻ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ചിരുന്നു. റോഡിൽ ഇരുമ്പാണികൾ പതിച്ചും കർഷകരെ നേരിടാൻ പൊലീസ് തയാറെടുപ്പ് നടത്തി. ഇതിനിടയിലാണ് ഡ്രോൺ ഉപയോഗിച്ച് വൻതോതിൽ കണ്ണീർവാതകം പ്രയോഗിച്ചത്.
കർഷകരെ നേരിടാൻ ഡ്രോൺ ഉപയോഗിച്ച നടപടിക്കെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. ബി.ജെ.പിക്കാർ നൂഹിൽ വർഗീയകലാപമുണ്ടാക്കിയപ്പോൾ അവർക്കെതിരെ പ്രയോഗിക്കാത്ത ഡ്രോണാണ് ഇപ്പോൾ അവകാശങ്ങൾക്കായി നിരായുധരായി സമരം ചെയ്യുന്ന കർഷകർക്ക് നേരെ പ്രയോഗിക്കുന്നതെന്ന് തൃണമൂൽ എം.പി സാകേത് ഗോഖലെ കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് കർഷകരോട് വെറുപ്പാണെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെയാണ് കർഷകർ 'ദില്ലി ചലോ' മാർച്ചിന് തുടക്കം കുറിച്ചത്. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പഞ്ചാബിലെ ഫത്തേഗഡിൽ നിന്ന് രാവിലെ 10ന് സമരം തുടങ്ങിയത്. സംഘർഷത്തെ തുടർന്ന് കൂടുതൽ കർഷകർ ശംഭുവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.