അമൃത്പാലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാൻ പൊലീസ് ശ്രമമെന്ന് വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ
text_fieldsഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ ഇമാൻ സിങ് ഖാര അറിയിച്ചു. അമൃത്പാൽ സിങ് ഷാകോട്ട് പൊലീസ് സ്റ്റേഷനിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമൃത്പാലിന്റെ അറസ്റ്റിനെ കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അമൃത്പാൽ സിങ് ഇപ്പോഴും ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നുമായിരുന്നു പഞ്ചാബ് പൊലീസ് അറിയിച്ചത്. എന്നാൽ, അറസ്റ്റ് ചെയ്തെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനാണ് ശ്രമമെന്നും അഭിഭാഷകൻ ഇമാൻ സിങ് ഖാര ആരോപിക്കുന്നു.
അമൃത്പാൽ സിങ്ങിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഖാര പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയും റിട്ട് ഹർജി നൽകുകയും ചെയ്തിട്ടുണ്ട്.
"ഇന്ന് ഞാൻ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ ഒരു ക്രിമിനൽ റിട്ട് പെറ്റീഷൻ (ഇമാൻ സിങ് ഖാര vs സ്റ്റേറ്റ് ഓഫ് പഞ്ചാബ്) ഫയൽ ചെയ്തിട്ടുണ്ട്. ഇതൊരു ഹേബിയസ് കോർപ്പസ് റിട്ട് ഹർജിയാണ്," -അദ്ദേഹം എ.എൻ.ഐയോട് പറഞ്ഞു. ജീവിക്കാനുള്ള അവകാശമായ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച്, കോടതിയുടെ നടപടിക്രമമില്ലാതെ പൊലീസിന് ആരെയും തല്ലാൻ കഴിയില്ലെന്നും ഖാര പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ ഒരാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട ചുമതലയുണ്ടായിട്ടും പൊലീസ് ഹാജരാക്കിയില്ലെന്നും അഭിഭാഷകൻ ആരോപിച്ചു. പൊലീസിന് ദുരുദ്ദേശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പഞ്ചാബിലെ വിവിധ മേഖലകളിൽ സംഘർഷ സാധ്യത കണക്കിലെടുത്ത വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നും സംസ്ഥാനത്ത് ഇന്റർനെറ്റും എസ്.എം.എസ് സേവനവും വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാൽ സിങ്ങിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.