ഞങ്ങളെ പിച്ചിച്ചീന്തുമ്പോൾ പൊലീസ് നോക്കിനിന്നു
text_fieldsഇംഫാൽ: കാങ്പോക്പി ജില്ലയിലെ ഗ്രാമത്തിൽ മെയ്തേയ് വിഭാഗക്കാർ യന്ത്രത്തോക്കടക്കം ആയുധങ്ങളുമായെത്തി കുക്കികളുടെ വീടിന് തീവെക്കുന്നുവെന്ന് കേട്ട് കാട്ടിലേക്ക് രക്ഷപ്പെട്ടോടിയതാണ് രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും. ആപത്ത് ഭയന്ന് ഇവർ പൊലീസിൽ അഭയം തേടി. നോങ്പോക് സെക്മായ് പൊലീസ് ഇവരുമായി നീങ്ങുന്നതിനിടെ അക്രമാസക്തരായ ജനക്കൂട്ടത്തിന് മുന്നിൽപെട്ടു. പൊലീസ് നോക്കിനിൽക്കെ ആക്രമികൾ അഞ്ചുപേരെയും തട്ടിക്കൊണ്ടുപോയി. 56കാരനെ കുറച്ചുദൂരം കൊണ്ടുപോയശേഷം കൊലപ്പെടുത്തി. സ്ത്രീകളോട് വസ്ത്രമുരിയാൻ ആവശ്യപ്പെട്ടു. 21കാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. എതിർത്ത സഹോദരനെ കൊലപ്പെടുത്തി. മറ്റൊരു സ്ത്രീയെ തൊട്ടടുത്ത വയലിലേക്ക് കൊണ്ടുപോയി മർദിച്ചു -മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവങ്ങൾ മനഃസാക്ഷിയുള്ള ആരുടെയും കരളുലക്കുന്നതാണ്.
തുണിയുരിഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന് ആക്രോശിച്ചാണ് ജനക്കൂട്ടം യുവതികളെ വളഞ്ഞതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഓൺലൈൻ മാധ്യമമായ ‘സ്ക്രോൾ ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. ജനക്കൂട്ടം യുവതികളെ തുടരെ അപമാനിക്കുന്നതും നിസ്സഹായരായ സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതികളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്നത് കാണാം. ഇതിന് ശേഷമാണ് ബലാത്സംഗം ചെയ്തത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മേയ് 18നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
എന്നാൽ, ദൃശ്യം പുറത്തായി രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം രൂക്ഷമായതോടെ മുഖ്യസൂത്രധാരനെന്ന് പറയുന്നയാളെയും മറ്റു മൂന്ന് പ്രതികളെയും വ്യാഴാഴ്ച അറസ്റ്റ് ചെയ്തതതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.