മദ്യപിച്ചുകൊണ്ടുള്ള വാഹനാപകടം, സഹയാത്രക്കാരുടെ പേരിലും കേസെടുക്കും: മദ്രാസ് ഹൈക്കോടതി
text_fieldsചെന്നൈ: മദ്യപിച്ച് വാഹനാപകടമുണ്ടായാൽ സഹയാത്രക്കാരുടെ പേരിലും കേസെടുക്കുമെന്ന് മദ്രാസ് ഹൈക്കോടതി. മനപ്പൂർവ്വമല്ലാത്ത നരഹത്യാപ്രേരണയ്ക്കാണ് നിയമനടപടി സ്വീകരിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അപകടം സംഭവിക്കുമ്പോൾ വാഹനമോടിച്ചിരുന്നില്ലെന്നും മദ്യപിച്ചിരുന്നില്ലെന്നുമുള്ളത് നിയമനടപടികളിൽ നിന്നും ഒഴിഞ്ഞു മാറാൻ പറ്റാത്തതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
വാഹനമോടിക്കുന്നയാൾ മദ്യലഹരിയിലാണെന്നു അറിഞ്ഞിട്ടും കൂടെ യാത്ര ചെയ്താൽ അതിനർത്ഥം അയാളുടെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്നതായി കണക്കാക്കുമെന്നും ജസ്റ്റിസ് ഭാരത ചക്രവർത്തി വിധിന്യായത്തിൽ പറഞ്ഞു.
പാതിരാത്രി മദ്യലഹരിയിൽ വാഹനമോടിച്ചയാൾ മൂന്ന് കാൽനടയാത്രക്കാരെ ഇടിച്ചിട്ട് മരിച്ച സംഭവത്തിൽ കേസിൽ നിന്നും ഒഴിവാക്കണമെന്ന സഹയാത്രികയായ ഡോക്ടറുടെ ആവശ്യം തള്ളിയാണ് മദ്രാസ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. 2013 ൽ ആണ് വിധിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
അന്ന് താൻ അല്ല വാഹനമോടിച്ചതെന്നും സഹോദരനാണ് ഓടിച്ചതെന്നും അതിനാൽ തന്നെ കുറ്റവിമുക്തയാക്കണമെന്നും ഡോക്ടർ ലക്ഷ്മി ഹർജി നൽകിയിരുന്നു. എന്നാൽ കീഴ്കോടതി ഹർജി തള്ളി. ഇതിനെതിരെയാണ് ലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ കാറിന്റെ മുൻസീറ്റിലാണ് പരാതിക്കാരി ഇരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി സഹോദരൻ മദ്യലഹരിയിലാണെന്ന കാര്യം അറിയാമായിരുന്നതായി കണക്കാക്കാമെന്നും അസമയത്ത് പുറത്തു പോയത് വാഹനമോടിക്കാനും അപകടമുണ്ടാക്കാനുമുള്ള പ്രോത്സാഹനമായി കാണുമെന്നും വ്യക്തമാക്കുകയായിരുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.