കശ്മീരിൽ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട്പോയി പീഡിപ്പിച്ച് െകാന്നു; പ്രതി അന്വേഷണ ഉേദ്യാഗസ്ഥൻ തന്നെ
text_fieldsശ്രീനഗർ: എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പെൺകുട്ടിയുടെ തിരോധാനം അന്വേഷിക്കാൻ നിയോഗിച്ച ദീപക് ഖുജരിയ എന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെയായിരുന്നു ക്രൂരകൃത്യം നടത്തിയത്. ജമ്മുവിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കതുഅ ജില്ലയിലെ നോമദ് വിഭാഗക്കാരായ കുടുംബം മകളെ കാണാനില്ലെന്ന് കാട്ടി ഒരു മാസം മുമ്പാണ് പൊലീസിൽ പരാതിപ്പെട്ടത്. ഒരാഴ്ചത്തെ ശക്തമായ തിരച്ചിലിനൊടുവിൽ പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയ പൊലീസ് അവൾ ക്രൂരമായ പീഡനത്തിനിരയായെന്ന് സ്ഥരീകരിച്ചിരുന്നു.
എന്നാൽ പിന്നീട് പൊലീസ് പുറത്ത് വിട്ടത് ഞെട്ടലുണ്ടാക്കുന്ന വിവരങ്ങളാണ്. എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ഒരാഴ്ചയോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്, അവളെ കണ്ടെത്താൻ നിയോഗിച്ച പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയായിരുന്നു. പെൺകുട്ടിയുടെ തിരോധാനത്തിൽ കുടുംബം പരാതിയുമായി വന്നത് മുതൽ ദീപക് തെരച്ചിൽ സംഘത്തിൽ മുൻപന്തിയിലുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ‘നോമദ് വിഭാഗത്തിലുള്ളവരിൽ ഭീതി സൃഷ്ടിക്കുക’ എന്ന പ്രേരണയിലാണ് കൃത്യം ചെയ്തതെന്നായിരുന്നു ദീപകിെൻറ വിശദീകരണം.
ജനുവരി 10നായിരുന്നു സംഭവം. രസന ജില്ലയിൽ കുതിരയെ മേക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഒരാഴ്ചയോളം പീഡിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയത് ദീപകും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ചേർന്നായിരുന്നു. ജനുവരി 17നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഹീരാനഗർ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനാണ് 28കാരനായ ദീപക്. ക്രൈം ബാഞ്ചിെൻറ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിരച്ചിൽ സംഘത്തിലുണ്ടായിരുന്നുവെങ്കിലും കൊലപാതക അന്വേഷണത്തിൽ ദീപക് മുന്നോട്ട് വന്നിരുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് ഡി.ജി.പി അലോക് പുരി പറഞ്ഞു. തട്ടിക്കൊണ്ട് പോകലും പീഡനവും കൊലപാതകവുമെല്ലാം ആസൂത്രിതമായിരുന്നുവെന്നും നേരത്തെ തന്നെ പെൺകുട്ടിയെ ദീപക് ലക്ഷ്യമിട്ടിരുന്നതായും പുരി കൂട്ടിച്ചേർത്തു. കൊലപാതക വിവരം പുറത്ത് പറയാതിരിക്കാൻ ദീപക് സഹകുറ്റവാളിയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ് അറിയിച്ചു. കൃത്യം ചെയ്യാൻ കൂടെയുണ്ടായിരുന്ന ആൺകുട്ടിയോട് അവെൻറ മാതാപിതാക്കളെ വകവരുത്തുമെന്നായിരുന്നു ഭീഷണി.
പെൺകുട്ടിയുടെ കുടുംബവും നോമദ് വിഭാഗക്കാരും ചേർന്ന് കുറ്റവാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹീരാ നഗർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് പെൺകുട്ടിയുടെ കുടുംബത്തെ ദീപക് ലാത്തിെകാണ്ട് ക്രൂരമായി ആക്രമിച്ചതായി അവർ പരാതിപ്പെടുകയും ചെയ്തിരുന്നു. പൊലീസ് ലാത്തിച്ചാർജിൽ നോമദ് വിഭാഗത്തിലെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്ന ചടങ്ങിലുണ്ടായ ലാത്തിച്ചാർജിലും നൂറ് കണക്കിന് നോമദ് സമുദായക്കാർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.