അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും പണവും നൽകി പൊലീസുകാരൻ; വൈറലായി വിഡിയോ
text_fieldsഇന്ദോർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ അന്തർസംസ്ഥാന തൊഴിലാളികളാണ് ഈ നിയന്ത്രണങ്ങളിൽ പെട്ട് വലയുന്നത്.
ഇക്കുറിയും ലോക്ഡൗൺ പേടിച്ച് തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പലായനം െചയ്യുകയാണ്. മധ്യപ്രദേശിലെ ഇന്ദോറിൽ അന്തർസംസ്ഥാന തൊഴിലാളികൾക്ക് പണം വിതരണം ചെയ്യുകയും അവർക്ക് യാത്ര സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്ത ഒരു പൊലീസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
അഡീഷനൽ എസ്.പി പുനീത് ഗെഹ്ലോടിന്റെ ഓഫിസിൽ ജോലി ചെയ്യുന്ന സഞ്ജയ് സാൻവ്റേയെന്ന പൊലീസുകാരന്‍റെ വിഡിയോയാണ് വൈറലായത്.
'ആ ദിവസം അന്നപൂർണ്ണ ഭാഗത്തായിരുന്നു എനിക്ക് ഡ്യൂട്ടി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് റോഡിൽ ഞാൻ അന്തർസംസ്ഥാന തൊഴിലാളികളുടെ സംഘത്തെ കണ്ടത്. സ്ത്രീകളും കുട്ടികളുമടക്കം 35 ഓളം പേരുണ്ടായിരുന്നു. പുലർച്ചെ നാലുമണിക്ക് സാഗർ ലക്ഷ്യമാക്കി പുറപ്പെട്ടതായിരുന്നു സംഘം. അവരുടെ പക്കൽ ഭക്ഷണത്തിനായി ആകെ 350 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്' -സഞ്ജയ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
'350 രൂപക്ക് എങ്ങനെയാണ് 35 പേർക്ക് ഭക്ഷണം വാങ്ങാൻ സാധിക്കുക. എന്‍റെ പക്കൽ അപ്പോൾ 800 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ.ടി.എമ്മിൽ പോയി കുറച്ച് പണമെടുക്കുകയും വീട്ടിൽ നിന്ന് കുറച്ച് ഭക്ഷണം എടുത്ത് പാക്ക് ചെയ്ത് അവരുടെ കൈയ്യിൽ ഏൽപിക്കുകയും ചെയ്തു. അവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യവും ചെയ്ത് െകാടുത്തു'-അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 26 വരെ ഇന്ദോറിൽ ലോക്ഡൗണാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.