പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് വനിത പൊലീസുകാർ; അന്വേഷണത്തിന് ഉത്തരവ്
text_fieldsഹൈദരാബാദ്: പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥിനിയെ സ്കൂട്ടറിൽ പിന്തുടർന്ന് മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ വനിത പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. കാർഷിക സർവകലാശാലക്കായി നീക്കിവെച്ച ഭൂമിയിൽ തെലങ്കാന ഹൈകോടതി കെട്ടിടം നിർമിക്കാൻ തീരുമാനിച്ചതിനെതിരെയാണ് ഹൈദരാബാദിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നത്. വിദ്യാർഥിനിയെ രണ്ട് വനിത പൊലീസുകാർ സ്കൂട്ടറിൽ പിന്തുടരുന്നതും ഓടുന്ന വണ്ടിയിൽ നിന്ന് കുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതുമായ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിടിവലിക്കിടെ നിലത്തേക്ക് വീണ പെൺകുട്ടി അസഹ്യമായ വേദനകൊണ്ട് പുളയുന്നുമുണ്ട്.
ഹൈദരാബാദിലെ പ്രഫസർ ജയശങ്കർ തെലങ്കാന സ്റ്റേറ്റ് അഗ്രിക്കൾച്ചർ യൂനിവേഴ്സിറ്റി കാംപസിലാണ് സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ആർ.എസും ബി.ജെ.പിയും രംഗത്തുവന്നു. പെൺകുട്ടിക്കെതിരെ നടന്ന അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ആർ.എസ് നേതാവ് കെ. കവിത ആവശ്യപ്പെട്ടു.
''ഒരുതരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് തെലങ്കാന പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സമാധാനപരമായി പ്രതിഷേധിച്ചവർക്കു നേരെയാണ് ഇത്തരത്തിലുള്ള ക്രൂരമായ ആക്രമണം നടന്നത്.''-കവിത ചൂണ്ടിക്കാട്ടി.ഹീനമായ അതിക്രമം നടത്തിയ തെലങ്കാന പൊലീസ് മാപ്പുപറയണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.