മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരസ്യങ്ങൾക്ക് അനുമതി നൽകി മെറ്റ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
text_fieldsന്യൂഡൽഹി: രാജ്യത്തെ മുസ്‍ലിംകൾക്കെതിരെ വിഷം വമിപ്പിക്കുന്ന 14 വിദ്വേഷ പരസ്യങ്ങൾക്ക് ഇൻസ്റ്റാഗ്രാം, ഫേസ്ബുക് തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നൽകിയതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവിൽ വാച്ച് ഇൻറർനാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ 'ഇക്കോ'യും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
"നമുക്ക് ഈ കീടങ്ങളെ (ഇന്ത്യയിലെ മുസ്‍ലിംകളെ പരാമർശിച്ച്) കത്തിക്കാം," "ഹിന്ദു രക്തം ചൊരിയുന്നു, ഈ ആക്രമണകാരികളെ ചുട്ടുകളയണം" എന്നിങ്ങനെ മുസ്‍ലിം വിരുദ്ധ അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഫേസ്ബുക്കിൽ വന്ന പരസ്യങ്ങൾ. പ്രധാനമായും പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു വിദ്വേഷ ചിത്രങ്ങൾ. പാകിസ്താൻ ദേശീയ പതാകയ്‌ക്കരികിൽ പ്രതിപക്ഷ നേതാവ് നിൽക്കുന്ന എ.ഐ നിർമിത ചിത്രത്തിനൊപ്പം ‘ഇന്ത്യയിൽ നിന്ന് ഹിന്ദുക്കളെ ഇല്ലാതാക്കാൻ’ ആഗ്രഹിക്കുന്ന നേതാവിനെ വധിക്കണമെന്ന് ആഹ്വാനം നൽകുന്ന പരസ്യത്തിനും മെറ്റ അംഗീകാരം നൽകി.
ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും മതത്തിന്റെ പേരിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിർമിത ബുദ്ധിയിൽ കൃത്രിമ ചിത്രങ്ങൾ സൃഷ്ടിച്ചാണ് ഈ പരസ്യങ്ങൾ തയ്യാറാക്കിയത്. ഇവ കണ്ടെത്തുന്നതിലും തടയുന്നതിലും മെറ്റ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിൽ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്ലാ പരസ്യങ്ങളും സൃഷ്ടിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം പ്രത്യക്ഷപ്പെട്ട ഇവ ജൂൺ 1 വരെ തുടരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മേയ് എട്ടിനും 13നും ഇടയില്‍ 14ഓളം അത്യന്തം പ്രകോപനപരമായ പരസ്യങ്ങള്‍ക്ക് മെറ്റ അംഗീകാരം നല്‍കിയെന്നും ഇത്തരം പരസ്യങ്ങളിലൂടെ മെറ്റ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പിൽ 400 സീറ്റ് കൈവരിക്കുമെന്ന് ആദ്യഘട്ടത്തിൽ അവകാശപ്പെട്ട ബി.ജെ.പി, ഇടക്ക് തോൽവി ഭയന്ന് പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തിൽ മുസ്‍ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കമിട്ടിരുന്നു. രാജസ്ഥാനിലെ റാലിയിൽ പ്രധാനമന്ത്രി മോദി മുസ്‍ലിംകളെ ഉദ്ദേശിച്ച് 'നുഴഞ്ഞുകയറ്റക്കാർ' എന്നും ‘കൂടുതൽ കുട്ടികളെ പെറ്റുകൂട്ടുന്നവർ’ എന്നും അധിക്ഷേപിച്ചു. പിന്നീട് ഇത് വിവാദമായതോടെ താൻ മുസ്‍ലിംകളെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്നും തനിക്ക് ധാരാളം മുസ്‍ലിം സുഹൃത്തുക്കൾ ഉണ്ടെന്നും മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.