പഞ്ചാബിലെ ക്യാപ്റ്റൻസി മാറ്റത്തിൽ ഹൈകമാൻഡിനെ 'കുത്തി' ട്വീറ്റ്; രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം രാജിവെച്ചു
text_fieldsജയ്പൂർ: പഞ്ചാബിലെ രാഷ്ട്രീയ മാറ്റങ്ങളുടെ സാഹചര്യത്തിൽ കോൺഗ്രസ് ഹൈകമാൻഡിനെ വിമർശിച്ച് ട്വീറ്റ് ചെയ്ത രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേഴ്സനൽ സ്റ്റാഫ് അംഗം രാജിവെച്ചു. ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ലോകേഷ് ശർമയാണ് രാജിവെച്ചത്.
'ശക്തൻ നിർബന്ധിതനാകുന്നു, അപ്രധാനപ്പെട്ടവർ ശക്തരാകുന്നു. വേലി തന്നെ വിള തിന്നുമ്പോൾ അത്തരമൊരു വയൽ ആർക്കാണ് സംരക്ഷിക്കാൻ കഴിയുക' -ഇതായിരുന്നു ഹിന്ദിയിലുള്ള ശർമയുടെ ട്വീറ്റിന്‍റെ ഉള്ളടക്കം.
പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ രാജിയിൽ കലാശിച്ച രാഷ്ട്രീയ ഇടപെടലുകളിൽ കോൺഗ്രസ് ഹൈകമാൻഡിന് നേരെയുള്ള വിമർശനമായി ട്വീറ്റ് വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ തന്‍റെ ട്വീറ്റ് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് രാജിക്കത്തിൽ ശർമ പറഞ്ഞു.
'പാർട്ടിക്കും ഹൈകമാൻഡിനും വേദനയുണ്ടായതിൽ ഞാൻ ഖേദിക്കുന്നു. മനപൂർവം തെറ്റ് ചെയ്തതായി കരുതുന്നുണ്ടെങ്കിൽ രാജി സ്വീകരിക്കണം. തീരുമാനം അങ്ങയുടേതാണ്' -ഗെഹ്ലോട്ടിനയച്ച കത്തിൽ ശർമ പറഞ്ഞു.
മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെയാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് ശനിയാഴ്ച രാജിവെച്ചത്. പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നാളുകളായി തുടരുന്ന ഉൾപ്പോരിനൊടുവിലായിരുന്നു അമരീന്ദറിന്റെ രാജി. ഞായറാഴ്ച ഉച്ചയോടെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.