മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് വിലക്കില്ല; ഡൽഹി ഹൈക്കോടതി
text_fieldsന്യൂഡൽഹി: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് ഭരണഘടന പ്രകാരം വിലക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. മുൻസിപ്പൽ തെരഞ്ഞെടുപ്പുകൾക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിച്ചത് ന്യായമാണെന്നും ഏകപക്ഷീയമല്ലെന്നും കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ നൽകുന്നത് നിർത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത്, പി.എസ് അറോറ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. 2022 ൽ ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഗ്രീൻ പാർക്കിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ലോകേഷ് കുമാർ നൽകിയ ഹരജിയാണ് കോടതി തള്ളിയത്.
ഇന്ത്യയിൽ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ജനങ്ങൾ നിരക്ഷരരായിരുന്നു. അതിനാൽ ഒരുപാട് ആലോചനകൾക്ക് ശേഷമാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് രീതി ഇന്ത്യയിൽ കൊണ്ടുവന്നതെന്നും ബെഞ്ച് പറഞ്ഞു.
ഭരണഘടനയിലെ ആർട്ടിക്കിൾ 14 പ്രകാരം ഹരജിക്കാരന്റെ മൗലികാവകാശങ്ങൾ ലംഘിക്കാതെ സംവരണ ചിഹ്നങ്ങളില്ലാതെ ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.