ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് ഉടൻ വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് രാഷ്ട്രീയ പാർട്ടികൾ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് ഉടൻ വേണമെന്ന് രാഷ്ട്രീയ പാർട്ടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. ശ്രീനഗറിലെത്തിയ മുഖ്യ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമായി കൂടിക്കാഴ്ച നടത്തിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ് വിഷയമുന്നയിച്ചത്.
രാജീവ് കുമാറിനൊപ്പം ഗ്യാനേഷ് കുമാർ, എസ്.എസ്. സന്ധു എന്നിവരാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി കശ്മീരിലെത്തിയത്. നാഷനൽ കോൺഫറൻസ് (എൻ.സി), പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി), ബി.ജെ.പി, കോൺഗ്രസ്, ജമ്മു-കശ്മീർ പാന്തേഴ്സ് പാർട്ടി (ജെ.കെ.പി.പി), ഷേറെ കശ്മീർ ഇന്റർനാഷനൽ കൺവെൻഷൻ (എസ്.കെ.ഐ.സി.സി) എന്നീ പാർട്ടികളുടെ പ്രതിനിധികളുമായാണ് കമീഷൻ വ്യാഴാഴ്ച പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്.
സെപ്റ്റംബർ 30ന് മുമ്പായി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കണമെന്ന് നേരത്തെ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കമീഷന്റെ സന്ദർശനം.
സംസ്ഥാന തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന കാര്യത്തിൽ എല്ലാ കക്ഷികളും ഏകാഭിപ്രായക്കാരാണെന്ന് കൂടിക്കാഴ്ചകൾക്കുശേഷം കമീഷൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘം നാളെ ജമ്മുവിൽ സന്ദർശനം നടത്തും. 2018ലാണ് ഒടുവിൽ കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.