ദലിതുകളെ വധിച്ച് തുടക്കം; ഗുണ്ടാത്തലവനായി ദുബെ വളർന്ന വഴികൾ
text_fields1992ലെ ആദ്യ കൊലപാതകം മുതൽ 2020ൽ എട്ട് പൊലീസുകാരെ വധിച്ചത് വരെയുള്ള കാലഘട്ടം വികാസ് ദുബെ നടന്ന് തീർത്തത് രക്തത്തിെൻറ വഴികളിലൂടെയായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന ക്രിമിനൽ ജീവിതത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തേൻറതായ അധോലോകം സൃഷ്ടിക്കുന്നതിൽ വികാസ് ദുബെ വിജയിച്ചു. രാഷ്ട്രീയക്കാർ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങി ഒരു സംവിധാനം മുഴുവൻ ദുബെയെന്ന ഗുണ്ടാതലവനെ ഉപയോഗിക്കുകയായിരുന്നു.
ദുബെയെന്ന ഗുണ്ടാതലവെൻറ ഉദയം
1980കളിലും 90കളിലും ജാതി സംഘർഷങ്ങൾ ഉത്തർപ്രദേശിൽ സാധാരണമായിരുന്നു. ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും തമ്മിലായിരുന്നു സംഘർഷങ്ങൾ. 90കളുടെ തുടക്കത്തിൽ മറ്റൊരു ജാതിയിൽപ്പെട്ട ആളുകളെ മർദിച്ച കുറ്റത്തിനാണ് വികാസ് ദുബെയെന്ന 20കാരൻ ആദ്യമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്. അന്ന് പ്രാദേശിക രാഷ്ട്രീയക്കാരും സമൂഹത്തിലെ ഉന്നതരും ചേർന്ന് ദുബെയെ കേസിൽ നിന്ന് രക്ഷപ്പെടുത്തി.
പിന്നീട് 1991ലാണ് ദുബെക്കെതിരായ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി സെക്ഷൻ 323, 506 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. പിന്നീട് 92ൽ വികാസ് ദുബെക്കെതിരായ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. രണ്ട് ദലിത് യുവാക്കളെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ചൗബേപൂർ പൊലീസ് സ്റ്റേഷനിലായിരുന്നു കേസ്. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങി. ഉയർന്ന ജാതിക്കാർക്കായി ദലിതുകളെ കൊലപ്പെടുത്തിയ ദുബെ അതിവേഗം യുവാക്കൾക്കിടയിൽ ഹീറോയായി മാറി.
തണലായി രാഷ്ട്രീയം
ആദ്യ കൊലപാതകത്തിന് പിന്നാലെ യു.പിയിലെ ചൗബേപൂർ മേഖലയിൽ പതിയെ ദുബെ സ്വാധീനം ഉറപ്പിച്ചു. ഇതോടെ രാഷ്ട്രീയക്കാർക്കും ഇയാൾ പ്രിയപ്പെട്ടവനായി. ബി.ജെ.പിയും ബി.എസ്.പിയുമായിരുന്നു ആദ്യകാലത്ത് ദുബെയുടെ തട്ടകം. 1996ൽ ഹരികൃഷ്ണ ശ്രീവാസ്തവയെന്ന രാഷ്ട്രീയ നേതാവിെൻറ വിശ്വസ്തനായി ബി.എസ്.പിയിലെത്തി. ശ്രീവാസ്തവ പിന്നീട് ബി.ജെ.പിയിലേക്ക് ചുവട് മാറ്റിയതോടെ ദുബെയുടെ തട്ടകവും ബി.ജെ.പിയായി. ദുബെയുടെ കൈകരുത്തിലാണ് ശിവാലി മേഖലയിലും സമീപപ്രദേശങ്ങളിലും ഹരികൃഷ്ണ നേതാവായി വളർന്നത്.
യു.പിയെ ഞെട്ടിച്ച ബി.ജെ.പി നേതാവിെൻറ കൊലപാതകം
2000ത്തിലാണ് ശിവാലി നഗരത്തെയാകെ വിറപ്പിച്ച കൊലപാതകം ദുബെ നടത്തിയത്. താര ചന്ദ് ഇൻറർ കോളജ് പ്രിൻസിപ്പളിനെ ഭൂമി തർക്കത്തിെൻറ പേരിലായിരുന്നു കൊലപ്പെടുത്തിയത്. ഒരു വർഷത്തിന് ശേഷം ആരും പ്രതീക്ഷിക്കാത്ത കുറ്റകൃത്യം ഇയാളിൽ നിന്നുമുണ്ടായി. മുതിർന്ന ബി.ജെ.പി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തി ദുബെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇന്നത്തെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങായിരുന്നു അന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയതോടെ രാഷ്ട്രീയക്കാർക്കും ദുബെ പേടി സ്വപ്നമായി.
ഹരികൃഷ്ണ ശ്രീവാസ്തവക്ക് വേണ്ടിയായിരുന്നു സന്തോഷ് ശുക്ലയുടെ കൊലപാതകവും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പി ടിക്കറ്റിൽ മൽസരിച്ച ഹരികൃഷ്ണ ശ്രീവാസ്തവക്ക് എതിരാളിയായി എത്തിയത് സന്തോഷ് ശുക്ലയായിരുന്നു. പ്രചാരണത്തിനിടെ ശ്രീവാസ്തവയുടെ ആളുകൾ ശുക്ലയെ ആക്രമിച്ചു. ഇതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം.
കേസുകൾ നിരവധി; ശിക്ഷ ഒന്നിൽ മാത്രം
പിന്നീട് നിരവധി കേസുകളിൽ വികാസ് ദുബെ പ്രതിയായെങ്കിലും രാഷ്ട്രീയത്തിലുള്ള സ്വാധീനമുപയോഗിച്ച് പല നിയമ യുദ്ധങ്ങളിലും അയാൾ ജയിച്ച് കയറി. പല കേസുകളും സാക്ഷികളില്ലാതെ കോടതികളിൽ ദുർബലമായി. പൊലീസിന് പണം നൽകി കേസുകൾ ഒതുക്കി തീർക്കുന്നതിൽ ദുബെ മിടുക്കനായിരുന്നു. സിേദ്ധ്വശ്വർ പാണ്ഡേ വധക്കേസിൽ മാത്രമാണ് ദുബെയെ ശിക്ഷിച്ചത്. എന്നാൽ, പിന്നീട് അലഹാബാദ് ഹൈകോടതി ഈ വിധി സ്റ്റേ ചെയ്യുകയും ദുബെക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.
എട്ട് പൊലീസുകാരുടെ കൊലപാതകവും ഏറ്റുമുട്ടൽ കൊലയും
പൊലീസുകാരെ കൊലപ്പെടുത്തിയതിന് പിന്നാലെ ദുബെയെ പിടികൂടുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയിലേക്ക് ചേക്കേറാൻ ദുബെ അവസാനകാലത്ത് ശ്രമങ്ങൾ നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. യോഗി സർക്കാറിലെ ഒരു വിഭാഗം ദുബെയെ രഹസ്യമായി പിന്തുണച്ചിരുന്നു. ഇവർ വഴി പാർട്ടിയിലെത്താനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ, കൊല്ലപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവ് സന്തോഷ് ശുക്ലയുടെ കുടുംബത്തിന് പാർട്ടിയിലെ ഉന്നത കേന്ദ്രങ്ങളിലുള്ള സ്വാധീനം ഇതിന് തടസമായെന്നാണ് വിലയിരുത്തൽ.
എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയതിന് തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കുന്നതിനായാണ് യു.പി പൊലീസ് ദുബെയെ വധിച്ചതെന്നാണ് ആരോപണങ്ങൾ. ആസൂത്രിതമായ ഏറ്റുമുട്ടൽ കൊലപാതകമാണ് പൊലീസ് നടത്തിയതെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ സാമൂഹിക പ്രവർത്തകൻ ഹരജിയും സമർപ്പിച്ചിട്ടുണ്ട്. ഡോൺ ഓഫ് ശിവാലിയെന്ന പേരിലറിയപ്പെടുന്ന വികാസ് ദുബെയെ പൊലീസ് ഏറ്റുമുട്ടലിൽ വധിക്കുേമ്പാഴും യു.പിയിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിന് അന്ത്യമാകില്ലെന്നുറപ്പ്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.