ബി.ജെ.പിക്കെതിരെ വിശാല മതേതരമുന്നണി തുടരണം
text_fieldsന്യൂഡൽഹി: രാഷ്ട്രീയ അവലോകന റിപ്പോർട്ടിന് ഡൽഹിയിൽ നടന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി. കഴിഞ്ഞ പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവ് നയത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തെ പാർട്ടിയുടെ പ്രവർത്തനം അവലോകനം ചെയ്ത് തയാറാക്കിയ റിപ്പോർട്ടിനാണ് അംഗീകാരമായത്. ബി.ജെ.പിക്കെതിരെ വിശാല മതേതര മുന്നണി തുടരണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പാർട്ടിയുടെ ശക്തി ബലപ്പെടുത്തണം. കോൺഗ്രസിന്റെ നവ സാമ്പത്തിക നയങ്ങൾ, മൃദു ഹിന്ദുത്വം തുടങ്ങിയവ തുറന്നുകാട്ടണം, ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നൽകണമെന്നും കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഏപ്രിൽ രണ്ടു മുതൽ ആറുവരെ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന 24ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം തയാറാക്കുക.
പാർട്ടി കോൺഗ്രസിലേക്കുള്ള പ്രതിനിധികളുടെ സംസ്ഥാനതല ക്വോട്ടയും കേന്ദ്ര കമ്മിറ്റി നിശ്ചയിച്ചു. ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേതൃത്വത്തിൽ നടത്തുന്ന വർഗീയ പ്രസംഗങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം, രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ അടവ് നയം മാറ്റം ആവശ്യപ്പെട്ടെന്ന വാർത്തകൾ സി.പി.എം തള്ളി.
കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനമാണ് ഇപ്പോൾ നടക്കുന്നതെന്നും രാഷ്ട്രീയ പ്രമേയം ജനുവരി 17 മുതൽ കൊൽക്കത്തയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റിയിലാണ് ചർച്ചക്ക് വരികയെന്നും പോളിറ്റ് ബ്യൂറോ-കേന്ദ്ര കമ്മിറ്റി കോഓഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു.
സി.പി.എം നയംമാറ്റമെന്ന വാർത്തകൾ രാഷ്ട്രീയ മഠയത്തമാണെന്നും പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നതെന്നും പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.