ഇ.ഡി നോട്ടീസ് നിയമവിരുദ്ധം; ഉടൻ പിൻവലിക്കണമെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ മദ്യനയകേസിൽ ഇ.ഡി നൽകിയ സമൻസ് രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നാല് സംസ്ഥാനങ്ങളിൽ താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നില്ലെന്ന് ഉറപ്പാക്കാനാണ് നോട്ടീസ് നൽകിയത്. ഇതിന് പിന്നിൽ ബി.ജെ.പിയാണെന്നും കെജ്രിവാൾ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച കത്തിലാണ് കെജ്രിവാൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇ.ഡി ഓഫീസിൽ ഇന്ന് കെജ്രിവാൾ ചോദ്യം ചെയ്യലിനും ഹാജരാകില്ല. മധ്യപ്രദേശിൽ ഇന്ന് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുണ്ട്. കെജ്രിവാൾ തെരഞ്ഞെടുപ്പ് പരിപാടിക്കായി മധ്യപ്രദേശിേലക്ക് പോകുമെന്നാണ് വിവരം.
തലസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട് ആരോപിക്കുന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ച് വിശദീകരണം നൽകാൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ചോദ്യം ചെയ്യാൻ ഇ.ഡി ഉദ്യോഗസ്ഥർ വിളിച്ച സാഹചര്യത്തിലാണിത്. കെജ്രിവാളിനെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യാൻ ഇ.ഡി ഒരുങ്ങുന്നതായി ഡൽഹി മന്ത്രി അതിഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആപിനെ തകർക്കാൻ ഇ.ഡിയെ ചട്ടുകമാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
കള്ളപ്പണ നിരോധന നിയമം പാടേ ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതികൾ ഉണരേണ്ട സമയമായെന്ന് ഇതിനിടെ, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എം.പി പറഞ്ഞു. ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളെയും ഇ.ഡി ഉന്നം വെക്കുകയാണ്. ഇ.ഡിയെ ദുരുപയോഗിക്കുന്നതും തുടർന്ന് നേതാക്കൾക്ക് ജാമ്യം നിഷേധിക്കുന്നതും സർക്കാറിന്റെ കൈയിലെ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെക്കുന്നതിനെതിരെ ഇൻഡ്യ മുന്നണി ഒറ്റ ശബ്ദത്തിൽ പ്രതികരിക്കണമെന്ന് കഴിഞ്ഞ ദിവസം ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചപ്പോൾ കപിൽ സിബൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.