കർഷക പ്രക്ഷോഭത്തെ പിന്തുണക്കാത്ത നേതാക്കൾ ഇങ്ങോട്ട് വരേണ്ട; പ്രവേശനം നിഷേധിച്ച് യു.പി ഗ്രാമം
text_fieldsലഖ്നോ: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്ന കർഷകരെ പിന്തുണക്കാത്ത നേതാക്കൾക്ക് പ്രവേശനം നിഷേധിച്ച് യു.പിയിലെ ഒരു ഗ്രാമം. പശ്ചിമ യു.പിയിലെ ഭാഗ്പത് ജില്ലയിലെ സരൂർപൂർ കലൻ ഗ്രാമമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
കർഷക പ്രക്ഷോഭത്തെ പിന്തുണക്കാത്ത നേതാക്കളെ തടയാൻ ഗ്രാമവാസികൾ ബുധനാഴ്ച പഞ്ചായത്ത് ചേർന്ന് തീരുമാനിക്കുകയായിരുന്നു. 36 ജാതി കൂട്ടായ്മകൾ ചേർന്നതാണ് പഞ്ചായത്ത്. 25,000ത്തോളമാണ് ഗ്രാമത്തിലെ ജനസംഖ്യ.
പഞ്ചായത്ത് ഏകകണ്ഠേനയാണ് തീരുമാനമെടുത്തതെന്ന് യോഗത്തിൽ പങ്കെടുത്ത സുഭാഷ് നൈൻ എന്ന കർഷകൻ പറഞ്ഞു. നിലനിൽപ്പിനായി സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് നേതാക്കളെന്നും ഇദ്ദേഹം ചോദിച്ചു.
ജനുവരി 16ന് കർഷകരുടെ പ്രക്ഷോഭ കേന്ദ്രം സന്ദർശിക്കാനും പഞ്ചായത്ത് തീരുമാനിച്ചു. എല്ലാ കുടുംബങ്ങളിൽ നിന്നും കർഷകർക്കായി ധനസമാഹരണം നടത്തും. ഇതുവരെ 4.5 ലക്ഷം രൂപ ഗ്രാമത്തിൽ നിന്ന് പ്രക്ഷോഭകർക്കായി നൽകിയിട്ടുണ്ട്. ഒമ്പത് ട്രാക്ടറുകളിൽ ഭക്ഷ്യവസ്തുക്കളും നൽകി. ഗ്രാമത്തലവനായ ജീത് സിങ് 21,000 രൂപയും ട്രാക്ടറും സമരക്കാർക്കായി നൽകി. തങ്ങൾക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.