ഗുജറാത്തിന്റെ രാഷ്ട്രീയം ഹസ്മുഖ് ലാൽ പട്ടേലിന്റെ വാക്കുകളിലുണ്ട്
text_fieldsഅഹ്മദാബാദ്: ന്യൂ അഹ്മദാബാദിലെ എല്ലിസ് ബ്രിഡ്ജ് പരിസരത്തു നിന്ന് ഗാന്ധിനഗർ സർഖേജിലെ ബി.ജെ.പി കാര്യാലയത്തിലേക്കുള്ള യാത്രയിൽ ടാക്സി ഡ്രൈവർ ഹസ്മുഖ് ലാൽ എം. പട്ടേൽ പങ്കുവെച്ച വാക്കുകളിലുണ്ട് ഗുജറാത്തിന്റെ രാഷ്ട്രീയം. യാത്ര തുടങ്ങി അൽപ നിമിഷത്തിനുശേഷം മൗനത്തിന് അറുതി വരുത്തി ചോദിച്ചു : ‘തെരഞ്ഞെടുപ്പല്ലേ. എന്താണ് സ്ഥിതി’. ആവേശത്തോടെ ഹസ്മുഖ്ഭായ്, താമര പതിച്ച കാവിടാഗെടുത്ത് ഉയർത്തിക്കാട്ടി പറഞ്ഞു, ‘ഇവിടെ വൺ സൈഡ്. 26ൽ 26ഉം ബി.ജെ.പി’.
പുറത്തെ ചൂടിനെക്കുറിച്ചും ജീവിത പ്രയാസങ്ങളെക്കുറിച്ചും തോണ്ടിയിട്ടു. ഹസ്മുഖ് ഭായ് വാചാലനായി. സാധാരണക്കാർ നേരിടുന്ന പ്രതിസന്ധി തന്റെ ജീവിതാനുഭവങ്ങളിലൂടെ അയാൾ പറഞ്ഞു തുടങ്ങി. പാചകവാതകം, ഇന്ധനം തുടങ്ങി വിലക്കയറ്റവും താങ്ങാനാകാത്ത ജീവിത ചെലവും സംവരണ പ്രശ്നങ്ങളുമെല്ലാം അതിൽ നിറഞ്ഞു. ആഹാരം ഒറ്റ നേരത്തെക്ക് ചുരുക്കേണ്ടിവരുകയാണെന്ന് അദ്ദേഹം പറഞ്ഞുനിർത്തി.
‘ഇതിനെല്ലാം ഉത്തരവാദി ആരാണ്. സർക്കാറല്ലേ? ഭരിക്കുന്ന പാർട്ടിയല്ലേ?’.
അതേ എന്ന് മറുപടി.
‘അത്തരമൊരു സർക്കാറിനെ, പാർട്ടിയെ വീണ്ടുമെന്തിനു തെരഞ്ഞെടുക്കുന്നു?’
‘സർ വോ എക് ജാദൂകർ ഹേ’ (അദ്ദേഹം ഒരു മജീഷ്യനാണ്) എന്നായിരുന്നു ആ മോദി ഭക്തന്റെ മറുപടി. ‘‘ബി.ജെ.പിയോടല്ല നരേന്ദ്രഭായ് മോദിയോടാണ് പ്രിയം. ജീവിത പ്രശ്നങ്ങൾ മോദി മാജിക്കിൽ മറന്നുപോകുന്നു- ഹസ്മുഖ് ഭായ് തുടർന്നു.
പട്ടേൽ സമുദായക്കാരനാണ് ഞാൻ. ഹാർദിക് പട്ടേലിനെയും പടിദാർ സമുദായത്തെയും വഞ്ചിക്കുകയാണ് ബി.ജെ.പി.
പിന്നെ മറ്റൊരാളെ എന്തുകൊണ്ട് പരീക്ഷിക്കുന്നില്ല എന്ന ചോദ്യത്തിന് ആരെ, കോൺഗ്രസിനെയോ എന്ന് മറുചോദ്യം. ഇവിടെ കോൺഗ്രസിനെപോലും നയിക്കുന്നത് അവരാണെന്ന് (മോദി, ഷാ) പറഞ്ഞ് ഹസ്മുഖ് ഭായ് പൊട്ടിച്ചിരിച്ചു. മോദിയുള്ളിടത്തോളം ഇവിടെ ബി.ജെ.പി തന്നെ വാഴുമെന്ന് ഹസ്മുഖ് ഭായ് പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.