വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ വിഴുങ്ങും -ജമാഅത്തെ ഇസ്ലാമി
text_fieldsഹൈദരാബാദ്: വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ വിഴുങ്ങുമെന്നും വിഭജനത്തിനും സാമുദായിക ധ്രുവീകരണത്തിനുമെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിക്കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവശ്യപ്പെട്ടു. മൂന്നുദിവസമായി ഹൈദരാബാദിൽ നടന്ന അംഗങ്ങളുടെ സമ്മേളനത്തിന്റെ പ്രമേയം വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഭാരവാഹികൾ.
വർഗീയ ആക്രമണങ്ങളും ഭരണസംവിധാനത്തിന്റെ പക്ഷപാതിത്വവും രാജ്യത്തിന്റെ സമാധാന അന്തരീക്ഷം കളങ്കപ്പെടുത്തി. ഭരണഘടന സ്ഥാപനങ്ങൾ തകർച്ചയിലാണ്. മാധ്യമങ്ങളെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും തീവ്ര വർഗീയത ബാധിച്ചു. നിയമവാഴ്ച ഉയർത്തിപ്പിടിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ തയാറാകണം. ബുൾഡോസിങ്ങിനെതിരെ സുപ്രീംകോടതിയിൽനിന്ന് വ്യക്തമായ നിർദേശങ്ങൾ ഉണ്ടായിട്ടും പല സംസ്ഥാനത്തും അന്യായമായ പൊളിക്കൽ തുടരുകയാണ്. അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന സാഹചര്യം രാജ്യത്തിനുതന്നെ ആപത്താണ്.
അനീതിക്കെതിരെ മുന്നോട്ടുവന്ന മനുഷ്യ സ്നേഹികൾ രാജ്യത്തിന്റെ വിലയേറിയ സമ്പത്താണെന്നും അവരുടെ ധീരതയെ ആദരിക്കുന്നതായും പ്രമേയത്തിൽ വ്യക്തമാക്കി. ഫലസ്തീനികളുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണക്കുന്നത് ഇന്ത്യയുടെ ചരിത്രപരമായ നിലപാടാണ്. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തണം. ഇസ്രായേലിനുള്ള സൈനിക സഹായവും ആയുധ വിൽപനയും അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രകോപനങ്ങളിൽ വീഴാതെ ക്രിയാത്മകമായി പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് മുസ്ലിം സമൂഹത്തോട് സംഘടന ആഹ്വാനം ചെയ്തു.
അഖിലേന്ത്യ അമീർ സയ്യിദ് സആദതുല്ല ഹുസൈനി, വൈസ് പ്രസിഡന്റുമാരായ പ്രഫ. സലീം എൻജിനീയർ, മലിക് മുഅ്തസിം ഖാൻ, സെക്രട്ടറി ജനറൽ ടി. ആരിഫലി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.