കോണ്‍ഗ്രസ്-എസ്.പി സഖ്യത്തില്‍ കല്ലുകടി: പ്രിയങ്കയും രംഗത്ത്
text_fieldsന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യനീക്കത്തില്‍ കല്ലുകടി. സീറ്റു പങ്കിടല്‍ ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനം ഉരുത്തിരിയുന്നതിനുമുമ്പേ എസ്.പിയുടെ 191 സ്ഥാനാര്‍ഥികളുടെ പട്ടിക മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചതോടെയാണ് സഖ്യം പ്രതിസന്ധിയിലായത്. ഇതില്‍ ഒമ്പതെണ്ണം കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റാണ്.
കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ എസ്.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചു. തുടർന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി. അഖിലേഷ് യാദവുമായി സീറ്റ് സമവായ ചർച്ചകൾക്കായി പ്രിയങ്ക ദൂതനെ അയച്ചതായാണ് റിപ്പോർട്ട്. ലഖ്നോവിലെ ഹോട്ടലില്‍ തങ്ങിയാണ് പ്രിയങ്കയുടെ ദൂതന്‍ ധീരജ് സമവായശ്രമങ്ങള്‍ നടത്തുന്നത്.
കോൺഗ്രസ് സീറ്റുകളിലും എസ്.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് നിര്‍ഭാഗ്യകരമായെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഖ്യകക്ഷി സംവിധാനത്തില്‍ ധാരണകള്‍ പാലിക്കപ്പെടണം. ഇതേക്കുറിച്ച് ഗുലാംനബി വീണ്ടും അഖിലേഷുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യം അപകടപ്പെടാതിരിക്കാനുള്ള തീവ്രനീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് സ്ഥിതി ചര്‍ച്ച ചെയ്തു.
ആര്‍.എല്‍.ഡിയെ സഖ്യത്തില്‍ പങ്കാളിയാക്കാനില്ളെന്ന് സമാജ്വാദി പാര്‍ട്ടി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എസ്.പിക്ക് 300ഉം കോണ്‍ഗ്രസിന് ബാക്കിയുള്ള 103ഉം സീറ്റ് എന്ന നിലയിലുള്ള സീറ്റ് പങ്കിടലാണ് എസ്.പി നടത്തിയത്. സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ തീരുമാനം എസ്.പി പിന്‍വലിച്ചില്ളെങ്കില്‍ കോണ്‍ഗ്രസിന് താങ്ങാവുന്നതിന് അപ്പുറമാണ്. സമാജ്വാദി പാര്‍ട്ടിയിലെ കുടുംബ കലഹം ശമിപ്പിക്കാനുള്ള ശ്രമത്തില്‍ മുലായം നല്‍കിയ 38 പേരുടെ ലിസ്റ്റില്‍നിന്ന് എല്ലാവരെയും പട്ടികയില്‍ അഖിലേഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുലായത്തെ ഇളക്കിവിട്ടിരുന്ന ഇളയ സഹോദരനും മുന്‍ പ്രസിഡന്‍റുമായ ശിവ്പാല്‍ യാദവിനും അഖിലേഷ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
മുലായം ആവശ്യപ്പെട്ടതുപോലെ ശിവ്പാല്‍ ജസ്വന്ത്നഗറില്‍ മത്സരിക്കും. അസംഖാന്‍ റാംപൂരില്‍. 52 മുസ്ലിം സ്ഥാനാര്‍ഥികളും 18 സ്ത്രീകളും അടങ്ങുന്നതാണ് പട്ടിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.