തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് അശോക് ഗെഹ്ലോട്
text_fieldsജയ്പൂർ: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്. അവസാനശ്വാസം വരെ ജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങൾ ഉണ്ടായിരുന്നെങ്കിൽ വിജയിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും അശോക് ഗെഹ്ലോട് വ്യക്തമാക്കി.
"മൂന്ന് സംസ്ഥാനങ്ങളിലെയും പരാജയം ചർച്ച ചെയ്യേണ്ട വിഷയമാണ്. പുതുമുഖങ്ങൾ മികച്ചഫലം നൽകുമെന്ന് പറയുന്നത് തെറ്റാണ്. പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുതുമുഖങ്ങൾ എന്ന ആവശ്യം ഉയർന്ന് വന്നിരുന്നില്ല. എന്നിട്ടും ഞങ്ങൾ പരാജയപ്പെട്ടു. അതുകൊണ്ട് രാജസ്ഥാനിൽ പുതുമുഖങ്ങൾ ഉണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുമായിരുന്നുവെന്ന് പറയുന്നത് തെറ്റാണ്"- അശോക് ഗെഹ്ലോട് പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ തെരഞ്ഞെടുപ്പിനായി പ്രചരണം നടത്തിയെന്നും അവരുടെ പ്രവർത്തനം മാതൃകാപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പദ്ധതികളുടെയും വാഗ്ദാനങ്ങളുടെയും പുറത്ത് വിജയിക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.
2024ലെ തെരഞ്ഞെടുപ്പിനായി തയാറെടുക്കാൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പൂർണമായും വിജയിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് ഗെഹ്ലോട് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. പഴയ പെൻഷൻ പദ്ധതിയും ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഉൾപ്പെടെ കോൺഗ്രസ് കൊണ്ടുവന്ന എല്ലാ പദ്ധതികളും മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.