പോളിങ് വിവരങ്ങൾ ഓൺലൈനിൽ; ചർച്ചക്ക് തയാറെന്ന് കമീഷൻ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ ബൂത്ത് തിരിച്ചുള്ള പോളിങ് വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കാൻ തയാറാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ (ഇ.സി.ഐ) സുപ്രീംകോടതിയിൽ. 2019ൽ ടി.എം.സി എം.പി മഹുവ മൊയ്ത്ര, എൻ.ജി.ഒ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവർ സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹരജികളിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. കമീഷൻ നിലപാട് അറിയിച്ചതിനനുസരിച്ച് 10 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പാനലിന് മുന്നിൽ പരാതി നൽകാൻ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. ജൂലൈ 28ന് വീണ്ടും ഹരജി പരിഗണിക്കും.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് അവസാനിച്ച് 48 മണിക്കൂറിനുള്ളിൽ പോളിങ് സ്റ്റേഷൻ തിരിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് പോൾ പാനലിനോട് നിർദേശിക്കണമെന്നാണ് ഹരജികളിലെ ആവശ്യം. കഴിഞ്ഞ വർഷം മേയ് 17ന്, ഇതേ ഹരജികളിൽ തെരഞ്ഞെടുപ്പ് പാനലിൽനിന്ന് കോടതി പ്രതികരണം തേടിയിരുന്നു.
എന്നാൽ, പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയെ ദുർബലപ്പെടുത്തുമെന്നും പോളിങ് സംവിധാനത്തിൽ കുഴപ്പത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ച് ഇ.സി.ഐ എതിർപ്പ് അറിയിക്കുകയായിരുന്നു. പുതുതായി ചുമതലയേറ്റ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വിഷയത്തിൽ ഹരജിക്കാരുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് പാനലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
തുടർന്ന്, ഇതനുസരിച്ച് ഹരജിക്കാർ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷന് 10 ദിവസത്തിനുള്ളിൽ നിവേദനം നൽകണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദേശിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.