'ജനം കോൺഗ്രസിനെ ബദലായി കണക്കാക്കുന്നില്ല'; തുറന്നടിച്ച് കപിൽ സിബൽ
text_fieldsന്യൂഡൽഹി: ബിഹാറിലും 11 സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും നിരാശാജനകമായ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും പാർട്ടിയെ ബി.ജെ.പിക്ക് ബദലായി ജനങ്ങൾ കണക്കാക്കുന്നില്ലെന്നും സിബൽ പറഞ്ഞു. പ്രശ്നം നേതൃത്വത്തിനറിയാമെങ്കിലും തിരുത്താൻ തയാറാകുന്നില്ല. ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാന്‍ പാര്‍ട്ടിയില്‍ വേദിയില്ലാത്തതിനാലാണെന്നും കപിൽ സിബൽ പറഞ്ഞു.
'ഞങ്ങൾ ചിലർ മുന്നോട്ടുള്ള പാതയിൽ കോൺഗ്രസ് എന്തെല്ലാം ചെയ്യണമെന്ന് എഴുതിയിരുന്നു. എന്നാൽ ഞങ്ങളെ ചെവികൊളളാതെ അവർ പുറംതിരിഞ്ഞ് നിൽക്കുകയാണ് ചെയ്തത്. ഫലം എല്ലാവർക്കും കാണാം....ബിഹാറിൽ മാത്രമല്ല എവിടെയല്ലാം ഉപതെരഞ്ഞെടുപ്പ് നടന്നുവോ അവിടെയല്ലാം ജനങ്ങൾ കോൺഗ്രസിനെ ഒരു ബദലായി കാണക്കാക്കിയില്ല' -സിബൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'കോൺഗ്രസ് പ്രവർത്തക സമിതിയിലെ ഒരംഗം പാർട്ടി ആത്മപരിശോധന നടത്തുമെന്നാണ് കരുതുന്നതെന്ന് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ആറ് വർഷമായി കോൺഗ്രസ് ആത്മപരിശോധന നടത്തിയിട്ടില്ല. പിന്നയാണോ ഇപ്പോൾ ആത്മപരിശോധന നടത്തുമെന്ന പ്രതീക്ഷ. കോൺഗ്രസിെൻറ പ്രശ്നം എന്താണെന്ന് എല്ലാവർക്കുമറിയാം. പാർട്ടി നേതൃത്വത്തിന് തന്നെ എല്ലാ ഉത്തരവുമറിയാം. എന്നാൽ അവ പരിഹരിക്കാൻ അവർ തയാറാകുന്നില്ല. പിന്നെ ഗ്രാഫ് ഇങ്ങനെ താഴ്ന്ന നിലയിൽ തന്നെ തുടരും' -സിബൽ പറഞ്ഞു.
നേതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള നോമിനേറ്റഡ് പ്രതിനിധികളുടെ വിശദീകരണം മാത്രമാണ് തങ്ങൾ കേൾക്കുന്നതെന്നും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പുകളിലെയും പ്രകടനത്തെ പറ്റി പാർട്ടിയുടെ കാഴ്ചപ്പാട് അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റിൽ കോണ്‍ഗ്രസില്‍ സമൂല മാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.