മൂന്നാം വട്ടവും ഡൽഹി മേയറെ തെരഞ്ഞെടുക്കാനായില്ല; സുപ്രീംകോടതിയെ സമീപിക്കാൻ ആപ്
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ മേയർ തെരഞ്ഞെടുപ്പ് മൂന്നാം തവണയും മുടങ്ങിയതിനെ തുടർന്ന് ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. രണ്ടുവട്ടം നടക്കാതിരുന്നതിനെ തുടർന്ന് തിങ്കളാഴ്ച നിശ്ചയിച്ച മേയർ തെരഞ്ഞെടുപ്പാണ് ബി.ജെ.പിയും ആപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് വീണ്ടും മുടങ്ങിയത്. 2022 ഡിസംബർ നാലിന് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ആദ്യ സെഷനിൽ നടക്കേണ്ട മേയർ തെരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല. ജനുവരി ആറിനും 24നും ചേർന്ന സെഷനുകളും തെരഞ്ഞെടുപ്പ് നടക്കാതെ പിരിഞ്ഞിരുന്നു.
തിങ്കളാഴ്ച രാവിലെ 11.30നാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ സെഷൻ തുടങ്ങിയത്. അധ്യക്ഷത വഹിച്ച വരണാധികാരി സത്യശർമ മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നും നാമനിർദേശം ചെയ്യപ്പെട്ട മുതിർന്ന അംഗങ്ങൾക്ക് വോട്ടവകാശമുണ്ടാവുമെന്നും വ്യക്തമാക്കി. എന്നാൽ, ആം ആദ്മി പാർട്ടി ഇതിനെ എതിർത്തു. നിയമപ്രകാരം അവർക്ക് വോട്ടവകാശമില്ലെന്ന് ആപ് നേതാവ് മുകേഷ് ഗോയൽ പറഞ്ഞു. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനും ഓനിക മെഹ്റോത്രയും തമ്മിലുള്ള 2016ലെ കേസിലെ ഹൈകോടതി വിധി ചൂണ്ടിക്കാട്ടി നാമനിർദേശം ചെയ്യപ്പെട്ട മുതിർന്ന അംഗങ്ങൾക്ക് വോട്ടവകാശമുണ്ട് എന്നായിരുന്നു സത്യശർമയുടെ അവകാശവാദം. ബി.ജെ.പിയും ഇതിനെ അനുകൂലിച്ചു. ഇതിനിടെ, അഴിമതി ആരോപണം നേരിടുന്ന ആപ് കൗൺസിലർമാരായ സഞ്ജീവ് ഝാ, അഖിലേഷ് ത്രിപത്ജി എന്നിവർക്ക് വോട്ടവകാശമുണ്ടാവില്ലെന്ന് സത്യശർമ പ്രഖ്യാപിച്ചു. ഇതോടെ ആപ് അംഗങ്ങൾ രോഷാകുലരായി. ബി.ജെ.പി അംഗങ്ങളാവട്ടെ ഇവരെ സഭയിൽ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ 10 മിനിറ്റ് നേരത്തേക്ക് പിരിഞ്ഞ കൗൺസിൽ പിന്നീട് ഒരു ദിവസത്തേക്ക് നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.