പ്രതിഷേധാഗ്നിയില്‍ തമിഴ്നാട്ടില്‍ ഇന്ന് പൊങ്കല്‍
text_fieldsകോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ശനിയാഴ്ച കാര്‍ഷിക വിളവെടുപ്പുത്സവമായ തൈ പൊങ്കലാഘോഷം. ജെല്ലിക്കെട്ടിന് സുപ്രീംകോടതി വിലക്കുള്ളതിനാല്‍ ഇത്തവണ ആഘോഷത്തിന് പൊലിമ കുറഞ്ഞിട്ടുണ്ട്. അതേസമയം, തെക്കന്‍ തമിഴക ജില്ലകളില്‍ കോടതി വിലക്ക് മറികടന്ന് ജെല്ലിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറും ഇതിന് മൗനാനുവാദം നല്‍കുന്നതായാണ് സൂചന. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജെല്ലിക്കെട്ട് നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കാറുണ്ടെങ്കിലും ഇത്തവണ ഉണ്ടായിട്ടില്ല. കോടതി നിലപാട് മറികടന്ന് ജെല്ലിക്കെട്ട് നടത്തണമെന്ന നിലപാടിലാണ് മിക്ക തമിഴക രാഷ്ട്രീയ സംഘടനകളും. നോട്ട് അസാധുവാക്കലും വരള്‍ച്ച മൂലമുണ്ടായ വ്യാപക കൃഷിനാശവും കര്‍ഷക ആത്മഹത്യകളും ആഘോഷത്തിന് കരിനിഴല്‍ പരത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി സൗജന്യ പൊങ്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു.
ധനു മാസത്തിലെ അവസാന നാളായ വെള്ളിയാഴ്ച ‘ഭോഗി’ പൊങ്കല്‍ ആഘോഷം നടന്നു. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഉപയോഗ രഹിതമായ സാധനങ്ങള്‍ നീക്കം ചെയ്ത് വെള്ള പൂശി ചാണകം മെഴുകി വര്‍ണ കോലങ്ങളിട്ടു. കൃഷിയിടങ്ങളിലോ വീട്ടുമുറ്റത്തോ അലങ്കരിച്ച മണ്‍പാത്രത്തില്‍ പാലോ അല്ളെങ്കില്‍ പുത്തരിയും ശര്‍ക്കരയും ചേര്‍ത്തോ ഇട്ട് തിളപ്പിക്കും. കലത്തില്‍നിന്ന് തിളച്ചുപൊങ്ങുന്ന വേളയില്‍ കുടുംബാംഗങ്ങളും മറ്റും ‘പൊങ്കലോ പൊങ്കല്‍’ ആര്‍പ്പുവിളികളുമായി ഐശ്വര്യത്തിനും സമൃദ്ധിക്കുംവേണ്ടി പ്രാര്‍ഥിക്കുന്നതാണ് തൈ പൊങ്കല്‍. ഇതോടൊപ്പം വിഭവ സമൃദ്ധമായ സദ്യയും മധുര പലഹാരങ്ങളും തയാറാക്കും. ഞായറാഴ്ച മാട്ടുപൊങ്കല്‍ നടക്കും.
നഗരങ്ങളിലിത് സൂര്യപൊങ്കലായാണ് ആഘോഷിക്കുന്നത്. സൂര്യഭഗവാനെ പൂജിക്കുന്ന ചടങ്ങാണിത്. മാട്ടു പൊങ്കല്‍ ഗ്രാമങ്ങളിലാണ് ആഘോഷിക്കുന്നത്. കര്‍ഷകര്‍ തങ്ങളുടെ മാടുകളെ കുളിപ്പിച്ച് കൊമ്പുകളില്‍ ചായങ്ങള്‍ പൂശി കഴുത്തില്‍ പൂമാലകളിട്ട് അലങ്കരിച്ച് നിര്‍ത്തി കര്‍പൂരം കത്തിച്ച് ആരതി ഉഴിയുന്ന ചടങ്ങാണിത്. തിങ്കളാഴ്ച ‘കാണും’ പൊങ്കലാണ്. കുടുംബത്തോടൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സമയം ചെലവഴിക്കുന്ന ദിവസമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റും തുടര്‍ച്ചയായി നാലുദിവസം അവധിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ഒ. പന്നീര്‍ ശെല്‍വം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പൊങ്കല്‍ ആശംസകള്‍ നേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.