ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
text_fieldsപ്രയാഗ് രാജ്: ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരെ പള്ളി നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ അലഹബാദ് ഹൈകോടതിയിൽ വാദം പൂർത്തിയായി. നാലുദിവസത്തെ വിശദവാദത്തിനൊടുവിൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ വിധി പറയാൻ മാറ്റി.
പള്ളിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന എന്നറിയപ്പെടുന്ന നിലവറ 1993 മുതൽ തങ്ങളുടെ അധീനതയിലാണെന്നും വ്യാസ് കുടുംബത്തിനോ മറ്റാർക്കെങ്കിലുമോ അവകാശവാദം ഉന്നയിക്കാനും ആരാധന നടത്താനും കഴിയില്ലെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ എസ്.എഫ്.എ. നഖ്വി വാദിച്ചു.
30 വർഷമായി അവിടെ പൂജ നടന്നിരുന്നില്ല. ഇപ്പോൾ കോടതി റിസീവറെ നിയമിച്ചതിനും തൽസ്ഥിതിയിൽ മാറ്റം വരുത്തിയതിനും മതിയായ കാരണം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, 1993ന് ശേഷവും സംസ്ഥാന സർക്കാർ നിർദേശപ്രകാരം സി.ആർ.പി.എഫ് ഏറ്റെടുക്കുംവരെ നിലവറയിൽ പൂജ നടന്നിരുന്നുവെന്നാണ് ഹിന്ദുപക്ഷത്തിന്റെ വാദം.
അതേസമയം, പൂജക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിൽ വാരാണസി ജില്ല കോടതി ഫെബ്രുവരി 28ന് വാദം കേൾക്കും. ജനുവരി 31നാണ് പൂജക്ക് അനുമതി നൽകി ജില്ല കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.