പൂജ ഖേദ്കറുടെ അറസ്റ്റ് വൈകും; മാർച്ച് 17 വരെ സംരക്ഷണം നൽകി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ കൃത്രിമം കാണിച്ച കേസിൽ മുൻ ഐ.എ.എസ് പ്രബേഷണറി ഓഫിസർ പൂജ ഖേദ്കർക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുന്നത് സുപ്രീംകോടതി മാർച്ച് 17വരെ നീട്ടി. കേസ് മാർച്ച് 17 ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. 2022ലെ യു.പി.എസ്.സി പരീക്ഷയുടെ അപേക്ഷയിൽ ഒ.ബി.സി, വികലാംഗ ക്വാട്ട സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് ഖേദ്കറിനെതിരായ ആരോപണം.
ഖേദ്കർ കൃത്രിമത്വം കാണിച്ചെന്ന് യു.പി.എസ്.സിയാണ് പരാതി നൽകിയത്. തുടർന്ന് ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഖേദ്കർ മുൻകൂർ ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളി.
ഹൈക്കോടതി വിധിക്കെതിരെ ഖേദ്കർ നൽകിയ ഹരജിയിൽ മറുപടി നൽകാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി പൊലീസിന് കൂടുതൽ സമയം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് ഖേദ്കറിന് കോടതി നിർദേശവും നൽകി. മുന്നാഴ്ചക്കുള്ളിൽ കേസിൽ മറുപടി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
വിഷയത്തിൽ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത കോടതി ഉയർത്തിക്കാട്ടി. വ്യാജ ഐഡന്റിറ്റി കാണിച്ചുകൊണ്ട് സിവിൽ സർവീസ് പരീക്ഷ എഴുതാൻ ശ്രമിച്ചതിന് ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നത് ഉൾപ്പെടെ നിരവധി നടപടികൾ കമ്മീഷൻ ഖേദ്കറിനെതിരെ ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.