പൂജ സിംഗൽ കേസ്: റാഞ്ചിയിലും മുസഫർപൂരിലും ഇ.ഡി റെയ്ഡ്
text_fieldsന്യൂഡൽഹി: മുൻ ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗൽ കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ റാഞ്ചിയിലും ബീഹാറിലെ മുസഫർപൂരിലും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി. റാഞ്ചിയിൽ ആറിടത്തും മുസഫർപൂരിൽ ഒരിടത്തുമാണ് റെയ്ഡ് നടത്തിയത്. അനിൽ ഝാ, വിശ്വാൽ ചൗധരി എന്നീ വ്യക്തികളുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചൗധരിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടിൽ തിരിമറി കാണിച്ചതിന് മെയ് പതിനൊന്നിന് പൂജയെ ഇ.ഡി അറസ്റ്റുചെയ്യുകയായിരുന്നു. പൂജയുടെ ചാർട്ടേട് അക്കൗണ്ടന്‍റിന്‍റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത 17.51 കോടി രൂപ ഇ.ഡി പിടിച്ചെടുത്തിരുന്നു.
കൂടാതെ ഖനന വകുപ്പ് സെക്രട്ടറിയും ജാർഖണ്ഡ് മിനറൽ ഡെവലപ്മെന്‍റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടരുമായിരുന്ന സമയത്ത് അധികാരം ദുർവിനിയോഗം ചെയ്തെന്നും സംസ്ഥാനത്തെ മാഫിയകൾക്ക് കരാറുകൾ നൽകി എന്നും പൂജക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. പൂജയുടെ ഭർത്താവിന്‍റെ ഉടമസ്ഥതയിലുള്ള റാഞ്ചിയിലെ പൾസ് ഹോസ്പിറ്റലിലും നേരത്തെ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.