കശ്മീരിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതം
text_fieldsജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിനുനേരെ ആക്രമണം നടത്തിയ ഭീകരവാദികൾക്കായി പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുന്നു.
ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ മധ്യപ്രദേശ് ചിന്ദ്വാര സ്വദേശിയായ കോർപറൽ വിക്കി പഹാഡേ (33) വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ മറ്റു നാലുപേരിൽ ഒരു സൈനികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2011ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്ന വിക്കി പഹാഡേ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞമാസം നാട്ടിലെത്തിയശേഷം ഏപ്രിൽ 18നാണ് തിരികെ ജോലിക്കെത്തിയത്.
അഞ്ചുവയസ്സുകാരനായ മകന്റെ ജന്മദിനാഘോഷത്തിനായി ചൊവ്വാഴ്ച വീണ്ടും അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് മരണം. പൂഞ്ചിലെ സുരൻകോട്ടിൽ ശനിയാഴ്ച വൈകീട്ട് ഭീകരർ സൈനിക വാഹനങ്ങൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഇവർ വനപ്രദേശത്തേക്ക് രക്ഷപ്പെട്ടതായാണ് സൂചന.
പ്രദേശത്തുനിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. മുതിർന്ന പൊലീസ്, സൈനിക ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു. ആക്രമണത്തെ അപലപിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്, ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ ഭീകരവാദത്തിനെതിരെ കർശന നടപടിയെടുക്കുമെന്നും കൂട്ടിച്ചേർത്തു.
2007-2014 കാലഘട്ടത്തിൽ പ്രധാന ഭീകരാക്രമണങ്ങളൊന്നും ഈ മേഖലയിൽ നടന്നിരുന്നില്ല. 2023 ജനുവരി ഒന്നു മുതൽ 25 സുരക്ഷ സൈനികർക്കും എട്ട് സിവിലിയന്മാർക്കും ജീവൻ നഷ്ടപ്പെട്ടതായും ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.