ഫുട്‌ബാൾ കളിയിൽ മോശം പ്രകടനം; വിദ്യാർഥികളെ മർദിച്ച അധ്യാപകന് സസ്‌പെൻഷൻ
text_fieldsചെന്നൈ: ഫുട്‌ബാൾ ടീമിലെ വിദ്യാർഥികളെ ചവിട്ടുകയും തല്ലുകയും ചെയ്ത സംഭവത്തിൽ തമിഴ്നാട്ടിലെ സ്കൂളിലെ കായികാധ്യാപകന് സസ്‌പെൻഷൻ. അണ്ണാമലൈ എന്ന അധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. സേലം ജില്ലയിലെ മേട്ടൂരിന് സമീപമുള്ള സർക്കാർ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഫുട്ബാൾ ടൂർണമെന്‍റിൽ കുട്ടികളുടെ മോശം പ്രകടനത്തിൽ ഇയാൾ അസ്വസ്ഥനായിരുന്നു. തുടർന്നാണ് ഇയാൾ കുട്ടികളെ തല്ലുകയും ചവിട്ടുകയും ചെയ്തത്. ആക്രമണത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ജഴ്‌സിയും ഫുട്‌ബാൾ ബൂട്ടും ധരിച്ച് ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്ന വിദ്യാർഥികളെ അധ്യാപകൻ മർദിക്കുന്നത് വിഡിയോയിൽ കാണാം. അധ്യാപകൻ അവരുടെ മുടി വലിക്കുന്നതും കാണാം. രോഷാകുലനായി സംസാരിക്കുന്നതും വിഡിയോയിലുണ്ട്.
വിദ്യാർത്ഥികൾ കരഞ്ഞ് നിലത്തിരിക്കുന്നുണ്ട്. പൂർവ വിദ്യാർഥിയാണ് വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. സംഭവം പുറത്ത് അറിഞ്ഞതോടെ അധ്യാപകനും സ്ക്കൂളിനുമെതിരെ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.