'പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം'; കർണാടകത്തിൽ ബി.ജെ.പി മന്ത്രിക്കെതിരേ എ.ബി.വി.പി പ്രതിഷേധം
text_fieldsബംഗളുരു: ദക്ഷിണ കന്നഡ ജില്ലയിൽ കൊല്ലപ്പെട്ട ബി.ജെ.പി യുവജന വിഭാഗം നേതാവ് പ്രവീൺ നെട്ടാരുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വസതിയിലേക്ക് ശനിയാഴ്ച എ.ബി.വി.പി മാർച്ച് നടത്തി. ആഭ്യന്തരമന്ത്രിയുടെ വസതിക്ക് പുറത്ത് മാർച്ച് തടഞ്ഞ പൊലീസ് എ.ബി.വി.പി പ്രവർത്തകർക്കെതിരെ ലാത്തി വീശി.
ജയമഹലിലുള്ള ജ്ഞാനേന്ദ്രയുടെ ബംഗ്ലാവിന്റെ വളപ്പിലേക്ക് എ.ബി.വി.പി പ്രവർത്തകർ ഇരച്ചുകയറുകയായിരുന്നു. ഹിന്ദുത്വ പ്രവർത്തകരെ കൊലപ്പെടുത്തിയതിന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രത്യേകിച്ച് കേരള അതിർത്തിയിലുള്ള തീരദേശ ജില്ലകളിൽ അവരുടെ സ്വാധീനം വർധിക്കുന്നു
തുടക്കത്തിൽ എ.ബി.വി.പി പ്രവർത്തകരെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അവർ പ്രതിഷേധവുമായി മുന്നോട്ടു നീങ്ങുകയും മുദ്രാവാക്യം മുഴക്കി കോമ്പൗണ്ടിൽ കുത്തിയിരിക്കുകയും ചെയ്തു. പിന്നീട് പ്രവർത്തകർ ജ്ഞാനേന്ദ്രയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി. ഇതോടെയാണ് പൊലീസ് ലാത്തിവീശിയത്. ദക്ഷിണ കന്നഡയിലെ ഭാരതീയ ജനതാ യുവമോർച്ച ജില്ലാതല ഭാരവാഹിയായ നെട്ടറിനെ ചൊവ്വാഴ്ച രാത്രി കോഴിക്കട അടച്ച് വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം എൻ.ഐ.എക്ക് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു.
കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാക്കിർ, മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിക്ക് സമീപം ബെള്ളാരയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. 21ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേരള രജിസ്ട്രേഷന്‍ ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് കൊലപാതകം നടത്തിയത്. കാസര്‍കോട്ടേക്കും കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബൈക്ക് കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരില്‍ കൊല്ലപ്പെട്ട കനയ്യ ലാലിനെ പിന്തുണച്ച് പ്രവീണ്‍ നെട്ടാരു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19കാരന്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമാണോ കൊലപാതകമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.