ജനസംഖ്യാ നിയന്ത്രണ നിയമം മോദി സർക്കാറിെൻറ നിലപാടിന് വിരുദ്ധം
text_fieldsന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരാൻ ബി.ജെ.പി നേതാക്കൾ നടത്തുന്ന നീക്കം നരേന്ദ്ര മോദി സർക്കാറിെൻറ നിലപാടിന് വിരുദ്ധം. ആറു മാസം മുമ്പ് പ്രമുഖ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹരജിയിലാണ് ജനസംഖ്യാ നിയന്ത്രണത്തിന് നിയമ നിർമാണം വേണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. ഇതിന് വിരുദ്ധമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിേൻറയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടേയും ജനസംഖ്യ നിയന്ത്രണ നിയമനിർമാണ നീക്കം.
സർക്കാർ ജോലിയും സബ്സിഡിയും രണ്ട് മക്കളുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണ് യോഗി സർക്കാറിെൻറ കരട് നിയമം. അസമിൽ മുസ്ലിംകെള ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരുന്നതെന്ന് മുഖമന്ത്രി ഹിമന്ത ബിശ്വ ശർമ പരസ്യമായി തന്നെ പറഞ്ഞിരുന്നു. ഇതിന് പുറമെയാണ് നിരവധി ബി.ജെ.പി നേതാക്കൾ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കാൻ പാർലമെൻറിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ആർ.എസ്.എസ് അജണ്ടകൾ നടപ്പാക്കാൻ സുപ്രീംകോടതിയിൽ വ്യവഹാരിയായി എത്താറുള്ള നേതാവാണ് നേരത്തെ ഹരജി നൽകിയ അശ്വനി കുമാർ ഉപാധ്യായ.
ഹരജിയോട് വിയോജിച്ച് കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുടുംബാസൂത്രണ പരിപാടി ഇന്ത്യയിൽ ജനം സ്വയം സന്നദ്ധരായി നടപ്പാക്കിയതാണെന്ന് ബോധിപ്പിച്ചിരുന്നു. 1994ലെ അന്താരാഷ്ട്ര ജനസംഖ്യാ വികസന സമ്മേളനം നിർബന്ധ കുടുംബാസൂത്രണത്തിന് എതിരാണെന്നും ഇന്ത്യ അതിൽ ഒപ്പിട്ടിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചിരുന്നു. കുട്ടികൾ നിശ്ചിത എണ്ണമേ പാടുള്ളൂ എന്നു നിഷ്കർഷിക്കുന്നത് വിപരീതഫലമുണ്ടാക്കുമെന്നും അത് ജനസംഖ്യ വ്യതിയാനത്തിന് കാരണമാകുമെന്നുമാണ് അന്താരാഷ്ട്ര അനുഭവം.
36 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമുള്ളതിൽ 25ഉം ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രത്യുൽപാദന നിരക്കിൽ സ്ഥായിയായ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നും ബോധിപ്പിച്ച കേന്ദ്രം ഇക്കാര്യം തെളിയിക്കുന്ന സ്ഥിതിവിവരക്കണക്കും കോടതിയിൽ സമർപ്പിച്ചു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള യോഗിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പി നേതാക്കളും മന്ത്രിമാരും തങ്ങളുടെ അവിഹിത സന്താനങ്ങളുടെ കണക്ക് വെളിപ്പെടുത്തണമെന്നാണ് കോൺഗ്രസ് നേതാവ് സൽമാൻ ഖുർശിദ് ആവശ്യപ്പെട്ടത്.
വിവാദ നിയമം മുസ്ലിംകൾക്കെതിരായ ഗൂഢാലോചനയാണെന്ന് സമാജ്വാദി പാർട്ടിയും ആരോപിച്ചു. നിയമം മൂലം ജനസംഖ്യ നിയന്ത്രിക്കുക സാധ്യമല്ലെന്ന് ബി.ജെ.പി സഖ്യകക്ഷിയായ ജനതാദൾ യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.