ചുരുങ്ങുന്ന ദക്ഷിണേന്ത്യ
text_fieldsമാതീതമായ ജനസംഖ്യാ വളർച്ച ലോകത്തിന്റെ വിഭവങ്ങൾ ഇല്ലാതാക്കുമെന്ന മാൽത്തൂസിയൻ സിദ്ധാന്തം കാലഹരണപ്പെട്ട ആധുനിക കാലത്ത് ഇന്ത്യയടക്കം ലോകരാജ്യങ്ങൾ ജനസംഖ്യാ ശോഷണത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഇതിന്റെ തുടർച്ചയായി ഇന്ത്യയിൽ യുവജനങ്ങളുടെ എണ്ണം താഴേക്ക് പോകാനിരിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. അതിനപ്പുറം, ദക്ഷിണേന്ത്യയിൽ യുവജനസംഖ്യ കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇത് നിലവിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ക്രമത്തെ കീഴ്മേൽ മറിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ ലോക്സഭ മണ്ഡല പുനർ നിർണയത്തിൽ മേഖലയിലെ സീറ്റെണ്ണത്തിൽ ഗണ്യമായ കുറവു വരുമെന്ന് ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ, ദക്ഷിണേന്ത്യൻ രാഷ്ട്രീയ പാർട്ടി നേതാക്കൾ ജനസംഖ്യ കൂട്ടണമെന്ന പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനസംഖ്യാ ശോഷണമെന്ന വിഷയത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കാം.
2100 മുതൽ ലോകത്ത് ജനസംഖ്യ കുറയും
ലോക ജനസംഖ്യ ഇപ്പോൾ 820 കോടി. 1960ൽ 300 കോടിയായിരുന്നതാണിപ്പോൾ 500 കോടി വർധിച്ചിരിക്കുന്നത്. ജനസംഖ്യ കൂടിയെങ്കിലും ജനസംഖ്യാ വളർച്ചനിരക്ക് കുറഞ്ഞു. ’60കളിൽ ജനസംഖ്യാ വളർച്ച രണ്ട് ശതമാനമായിരുന്നുവെങ്കിൽ അതിപ്പോൾ മുക്കാൽ ശതമാനത്തിലെത്തിനിൽക്കുന്നു. അപ്പോൾ, 2080 പകുതി ആകുന്നതോടെ ലോകജനസംഖ്യ 1030 കോടിയാകും. 2100ൽ, 1020 കോടിയായി കുറയും. പിന്നീട്, ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കും.
ദക്ഷിണേന്ത്യക്ക് വാർധക്യം
ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളുടെ ഭരണം നയിക്കുന്നവരാണ് ചന്ദ്രബാബു നായിഡുവും എം.കെ. സ്റ്റാലിനും. വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന രണ്ടുപേർ. ആദ്യത്തേയാൾ കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയിലെ സഖ്യകക്ഷിയാണ്; രണ്ടാമത്തെയാൾ ദേശീയ പ്രതിപക്ഷമായ ‘ഇൻഡ്യ’ സഖ്യത്തിലെ പ്രധാനകക്ഷി നേതാക്കളിലൊരാളും. പക്ഷേ, അതിനിർണായകമായൊരു വിഷയത്തിൽ ഇരുവരും ഏകാഭിപ്രായക്കാരാണ്. ദക്ഷിണേന്ത്യയിലെ ജനസംഖ്യശോഷണത്തിലാണ്, വ്യത്യസ്തമായ രണ്ട് സാഹചര്യങ്ങളിൽ ഇരുവരും ഒരേ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. അവരുടെ വാദങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: ദക്ഷിണേന്ത്യയിൽ പൊതുവേയും, ഇരുവരും നയിക്കുന്ന സംസ്ഥാനങ്ങളിൽ സവിശേഷമായും ജനസംഖ്യശോഷണത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു; യുവാക്കളേക്കാൾ കൂടുതൽ വയോജനങ്ങൾ ജീവിക്കുന്ന ഇടമായി ദക്ഷിണേന്ത്യ മാറാൻ അധികകാലം വേണ്ടിവരില്ല; ഈ നില തുടർന്നാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജി.ഡി.പി, തൊഴിൽ സാധ്യത തുടങ്ങിയ കാര്യങ്ങളിൽ വലിയ ഇടിവുണ്ടാകും; എല്ലാറ്റിനുമുപരി, ജനസംഖ്യാടിസ്ഥാനത്തിൽ പാർലമെന്റ് മണ്ഡലങ്ങൾ പുനഃക്രമീകരിക്കുമ്പോൾ നിലവിലെ സീറ്റെണ്ണം ദക്ഷിണേന്ത്യക്ക് കുറയും. യു.പിയിലും ബിഹാറിലുമൊക്കെ കൂടുകയും ചെയ്യും. പ്രശ്നപരിഹാരമായി ഇരുവരും നിർദേശിക്കുന്നതും ഒരേ കാര്യമാണ്: കുറഞ്ഞുകൊണ്ടിരിക്കുന്ന ‘പ്രത്യുൽപാദന നിരക്ക്’ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് -ടി.എഫ്.ആർ) കൂട്ടുക.
കേൾക്കുമ്പോൾ തമാശയായി തോന്നാം. സ്റ്റാലിന്റെ പ്രസംഗം അൽപം തമാശ കലർന്നതുമായിരുന്നു. എന്നാൽ, നമുക്ക് മുന്നിലുള്ള കണക്കുകൾ ഈ ‘തമാശ’കളെ ശരിവെക്കുന്നുണ്ട്. ലോക ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതാണെന്ന കാര്യം ശരിതന്നെ; ജനസംഖ്യ കൂടിക്കൊണ്ടിരിക്കുകയുമാണ്.
എന്നാൽ, ജനസംഖ്യാ വർധന നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈ പ്രവണത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾതന്നെ കണ്ടുതുടങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. മറുവശത്താകട്ടെ, ആയുർദൈർഘ്യം കൂടിയിട്ടുമുണ്ട്. ദക്ഷിണേന്ത്യയിൽ ജനസംഖ്യാ ഞെരുക്കം മാത്രമല്ല സംഭവിക്കുന്നത്; മറിച്ച്, ഒരു വയോജന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധിയെ കൃത്യമായും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാറിന്റെ പദ്ധതി.
കാലഹരണപ്പെട്ട ‘മാൽത്തൂസ്’
മുപ്പതു വർഷം മുമ്പ്, മാൽത്തൂസിന്റെയും മറ്റും സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ലോകം ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചും കുടുംബാസൂത്രണത്തെക്കുറിച്ചുമെല്ലാം വലിയ ചർച്ചകൾ സംഘടിപ്പിച്ചവരാണ് നമ്മൾ. ക്രമാതീതമായുള്ള (എക്സ്പൊണൻഷ്യൽ) ജനസംഖ്യാ വളർച്ച ഭൂമിയിലെ വിഭവങ്ങളെ ഇല്ലാതാക്കുമെന്നും അതിനാൽ ജനസംഖ്യാ നിയന്ത്രണമാണ് പ്രതിവിധിയെന്നുമൊക്കെയായിരുന്നു വാദങ്ങൾ. എന്നാൽ, പുതിയ കാലത്ത് വാദങ്ങൾ മാറിമറിയുകയാണ്. 2024ലെ യു.എൻ.ഡി.പി റിപ്പോർട്ട് (യു.എൻ വേൾഡ് പോപുലേഷൻ പ്രോസ്പെക്ടസ്) അതിന്റെ നേർസാക്ഷ്യമാണ്.
ഇന്ത്യയിലും കുറയും
2024ൽ ഇന്ത്യയിലെ ജനസംഖ്യ 145 കോടി. 2054ൽ അത് 169 കോടിയാകും. 2100 ആകുന്നതോടെ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയായി കുറയും. അപ്പോഴും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരും. 2060ഓടുകൂടിത്തന്നെ ജനസംഖ്യയിൽ ഇടിവ് കാണിച്ചുതുടങ്ങും.
കേരളം: ജനസംഖ്യാ വളർച്ച 4.86 ശതമാനമായി കുറഞ്ഞു
1971ൽ, കേരള ജനസംഖ്യ 2.1 കോടിയായിരുന്നു. തൊട്ടുമുമ്പത്തെ സെൻസസുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസംഖ്യാ വളർച്ച 26.29 ശതമാനമാണ്. ദേശീയ തലത്തിൽ ഇത് 24 ശതമാനമേയുള്ളൂ. 2011ലെത്തുമ്പോൾ കേരളത്തിന്റെ ജനസംഖ്യാ വളർച്ച 4.86 ആയി കുറഞ്ഞിരിക്കുന്നു. അഞ്ച് പതിറ്റാണ്ടിനിടെ വളർച്ച 22 ശതമാനം ഇടിഞ്ഞപ്പോൾ ദേശീയതലത്തിൽ അത് എട്ട് ശതമാനം മാത്രമാണ്. ഒരു വ്യാഴവട്ടത്തിനിടെ ജനസംഖ്യാ വളർച്ച പിന്നെയും പകുതിയായി കുറഞ്ഞുവെന്നാണ് നിഗമനം. ഏറക്കുറെ സമാനമായ ഇടിവ് തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും രേഖപ്പെടുത്തിയിരിക്കുന്നു. ദക്ഷിണേന്ത്യൻ ജനസംഖ്യ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്.
യുവാക്കൾ കുറയുന്നു
ആളുകളുടെ പ്രായം തിരിച്ചുള്ള കണക്കുനോക്കുമ്പോൾ എവിടെയാണ് ഇടിവ് വന്നതെന്നതും വ്യക്തമാകും. 1991ലെ സെൻസസ് അനുസരിച്ച് കേരള ജനസംഖ്യയിലെ 50 ശതമാനം പേരും 20നും 34നും ഇടയിൽ പ്രായമുള്ളവരായിരുന്നു. 2030ലെത്തുമ്പോൾ അത് 32 ശതമാനത്തിലേക്ക് താഴുമെന്നാണ് കണക്കാക്കുന്നത്. കുറവുവന്ന ഈ നിരക്ക് നേരെ വകയിരുത്തുക 60ന് മുകളിൽ പ്രായമുള്ളവരിലേക്കാണ്. അവർ 20 ശതമാനത്തിൽനിന്ന് 35ൽ എത്തും. ഈ നില തുടർന്നാൽ, 2045ഓടെ യുവതയെ വയോധികർ മറികടക്കും.
ജനസംഖ്യയിൽ നെഗറ്റിവ് വളർച്ച രേഖപ്പെടുത്തുന്നതെപ്പോൾ
പ്രത്യുൽപാദന നിരക്കിലുണ്ടാകുന്ന (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് -ടി.എഫ്.ആർ) ഇടിവാണ് ഇതിന് കാരണം. ഒരു ദമ്പതികൾക്ക് ജനിക്കുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണമാണ് ടി.എഫ്.ആർ. 1960കളിൽ ഇന്ത്യൻ ടി.എഫ്.ആർ നാലുവരെയെത്തിയിരുന്നു. അഥവാ, ഓരോ ദമ്പതികൾക്കും നാലുവീതം കുഞ്ഞുങ്ങളുണ്ടായിരുന്നു. ഇപ്പോഴത് 1.98ലെത്തിയിരിക്കുന്നു. ടി.എഫ്.ആർ പിന്നെയും കുറയുകയാണ്. വിവിധ കാരണങ്ങളാൽ മനുഷ്യന്റെ ആയുർദൈർഘ്യം കൂടുന്നതും ജനസംഖ്യ ഇടിവിനൊപ്പം ചേർത്തുവായിക്കണം.
1995ൽ ലോകത്ത് ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് 65 എന്നാണ് കണക്കാക്കിയിരുന്നത്. ഇപ്പോഴത് 73.3ലെത്തിനിൽക്കുന്നു. 2054ഓടെ അത് 77.4ലെത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2080ഓടെ, ലോകത്ത് കൗമാരജനതയേക്കാൾ കൂടുതൽ വയോധികരായിരിക്കും. ഒരുവശത്ത്, ജനനനിരക്ക് കുറയുന്നതും മറുവശത്ത് ആരോഗ്യമേഖലയിലുണ്ടായ പുരോഗതി കാരണം മരണനിരക്ക് കുറയുന്നതുമാണ് ഇതിന് കാരണം. ഇന്ത്യയിൽ 2075ൽ, ശരാശരി ആയുർദൈർഘ്യം 80ലെത്തും. ഇതേ കാലത്ത് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണം ആയിരത്തിൽ ആറ് എന്ന നിലയിലേക്ക് താഴും.
മണ്ഡലങ്ങൾ വെട്ടിമുറിക്കുമ്പോൾ
നടക്കാനിരിക്കുന്ന സെൻസസ് അനുസരിച്ച് ജനസംഖ്യാനുപാതികമായി പാർലമെന്റ് മണ്ഡലങ്ങളെ പുനർനിർണയിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. മണ്ഡലങ്ങളെ ജനസംഖ്യാനുപാതികമായി വെട്ടിമുറിക്കുമ്പോൾ സ്വാഭാവികമായും ദക്ഷിണേന്ത്യക്ക് പ്രാതിനിധ്യം കുറയും. 2011മുതൽ 2036 വരെയുള്ള 25 വർഷത്തിനിടയിൽ ജനസംഖ്യ 31.1 കോടി വർധിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ പകുതിയും വർധിക്കുന്നത് ബിഹാർ, യു.പി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. അതിൽ തന്നെ 20 ശതമാനവും യു.പിയിലും.
മണ്ഡലങ്ങളുടെ എണ്ണം 543ൽനിന്ന്, 753 ആക്കി ഉയർത്തുമെന്നാണ് കേൾക്കുന്നത്. അപ്പോഴും, കേരളത്തിലടക്കം മണ്ഡലങ്ങളുടെ എണ്ണം കുറയും; യു.പിയിലാകട്ടെ, കൂടുകയും ചെയ്യും. ഈ പ്രതിസന്ധികൂടിയാണ് ജനസംഖ്യശോഷണത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ രാഷ്ട്രീയ നേതാക്കൾ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, ഇത് ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്.
"നവദമ്പതികളെ 16 തരം സമ്പത്തു’കൾ കൊണ്ട് അനുഗ്രഹിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. 16 തരം സമ്പത്ത് ആർജിച്ച് സമൃദ്ധമായ ജീവിതം നയിക്കുക എന്നാണ് പറയാറുള്ളത്. നിങ്ങൾക്ക് 16 കുട്ടികൾ ഉണ്ടാകണമെന്നല്ല അതിനർഥം. എന്നാൽ, ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണ്. ആളുകൾ ചെറുതും സമൃദ്ധവുമായ കുടുംബം സൃഷ്ടിക്കുന്നതിനുപകരം 16 കുട്ടികളെ വളർത്തേണ്ടിവരുമെന്ന് കരുതുന്നു’’ - എം.കെ. സ്റ്റാലിൻ (തമിഴ്നാട് മുഖ്യമന്ത്രി). 2024 ഒക്ടോബർ 22ന് ചെന്നൈയിൽ നടത്തിയ പ്രസംഗത്തിൽനിന്ന്
"നമ്മളിപ്പോൾ തന്നെ എണ്ണത്തിൽ കുറവാണ്. രണ്ടിൽ താഴെ കുഞ്ഞുങ്ങൾ എന്ന നയം ഇവിടെ യുവാക്കളുടെ എണ്ണം കുറക്കാനേ ഉപകരിക്കു. രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ചാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്’’ - ചന്ദ്രബാബു നായിഡു (ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി). 2024 ഒക്ടോബർ 19ന് അമരാവതിയിൽ നടത്തിയ പ്രസംഗത്തിൽനിന്ന്. രണ്ടിൽ കുടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനൂകൂല്യങ്ങൾ റദ്ദാക്കുമെന്നാണ് കഴിഞ്ഞ ആഗസ്റ്റിൽ അദ്ദേഹം പ്രസംഗിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.