പൗരത്വ ഭേദഗതി ബിൽ പാർലമെൻറിലേക്ക്
text_fieldsന്യൂഡൽഹി: അയൽരാജ്യങ്ങളിൽനിന്നുള്ള മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാർക്ക് ഇന്ത ്യൻ പൗരത്വം നൽകുന്നതിനുള്ള പൗരത്വ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെൻറിൽ കൊണ്ടു വരും. പാർലമെൻറിെൻറ ശീതകാലസമ്മേളനത്തിനുള്ള അജണ്ടയിൽ ബിൽ ഉൾപ്പെടുത്തിയതായി സ ർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസും ഇടതുപാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്ക് പൗരത്വം നൽകുന്നതിന് 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് ബിൽ. 1955ലെ പൗരത്വ നിയമ പ്രകാരം ഒരാൾക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കഴിഞ്ഞ 14 വർഷത്തിനിടയിൽ 11 വർഷം അയാൾ ഇന്ത്യയിൽ ജീവിച്ചിരിക്കണം. അതിൽ അവസാനത്തെ ഒരു വർഷം ഇന്ത്യയിലായിരിക്കുകയും വേണം.
സർക്കാർ നിർദേശിക്കുന്ന ഭേദഗതി അനുസരിച്ച് അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിംകളല്ലാത്തവർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ 11 വർഷത്തിനു പകരം ആറ് വർഷം ഇന്ത്യയിൽ താമസിച്ചാൽ മതി. നിലവിലുള്ള നിയമം അനുസരിച്ച് മതിയായ യാത്രാരേഖകളും വിസയും പാസ്പോർട്ടുമില്ലാതെ നിയമവിരുദ്ധമായി വന്നവർക്കും വിസാ കാലാവധിക്കുശേഷം നിയമവിരുദ്ധമായി ഇന്ത്യയിൽ തുടരുന്നവർക്കും ഇതനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയില്ല. നിയമവിരുദ്ധ കുടിയേറ്റക്കാരായി ഗണിച്ച് 1920ലെ പാസ്പോർട്ട് നിയമവും 1946ലെ വിദേശി നിയമവും പ്രകാരം ഇവരെ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്യണം. എന്നാൽ, ഭേദഗതി പ്രകാരം അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംകളല്ലാത്ത നിയമവിരുദ്ധ കുടിയേറ്റക്കാർക്കും പൗരത്വത്തിന് അപേക്ഷിക്കാം.
2016 ജൂലൈ 19ന് ലോക്സഭയിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് ആഗസ്റ്റ് 12ന് സംയുക്ത പാർലെമൻററി സമിതിക്ക് വിട്ടിരുന്നു. ഇൗ വർഷം ജനുവരി ഏഴിന് സമിതി റിപ്പോർട്ട് വെക്കുകയും പിറ്റേന്ന് എട്ടിന് ലോക്സഭ ബിൽ പാസാക്കുകയും ചെയ്തു. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നീക്കത്തിൽനിന്ന് പിന്മാറി. ലോക്സഭ പാസാക്കിയ ഒരു ബിൽ രാജ്യസഭ പാസാക്കാതെ ലോക്സഭയുടെ കാലാവധി കഴിഞ്ഞാൽ അസാധുവാകുമെന്നാണ് ചട്ടം. അതിനാൽ, പൗരത്വ ഭേദഗതി ബിൽ വീണ്ടും ലോക്സഭയിലും രാജ്യസഭയിലും പാസാക്കേണ്ടി വരും.
തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14ാം വകുപ്പിനെതിരായ മതപരമായ വിവേചനം കാണിക്കുന്ന ബിൽ ഭരണഘടനാ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ എതിർത്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അനധികൃതമായി കുടിയേറിയ ലക്ഷക്കണക്കിന് ബംഗ്ലാദേശി ഹിന്ദുക്കൾക്ക് പൗരത്വം നൽകുമെന്നതാണ് ബംഗ്ലാദേശി കുടിയേറ്റത്തിനെതിരെ പ്രക്ഷോഭങ്ങൾ നടന്ന ആ സംസ്ഥാനങ്ങളിലെ തദ്ദേശീയരെ പ്രകോപിപ്പിക്കുന്നത്. അസമിലെ അന്തിമ പൗരത്വ പട്ടിക ഇൗ വർഷം പുറത്തുവന്നപ്പോൾ പുറത്തായ 19 ലക്ഷത്തിലേറെ പേരിൽ ഭൂരിഭാഗവും ബംഗ്ലാദേശി ഹിന്ദുക്കളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.