പോർട്ട് ബ്ലെയറിന്റെ പേരും കേന്ദ്രം മാറ്റി, ‘ശ്രീ വിജയ പുരം’
text_fieldsന്യൂഡൽഹി: ഒടുവിൽ പോർട്ട് ബ്ലെയറിന്റെ പേരും കേന്ദ്രസർക്കാർ മാറ്റി. ശ്രീ വിജയ പുരം എന്നതാണ് പുതിയ പേര്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം ഇന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് പോർട്ട് ബ്ലെയർ.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും സമാനതകളില്ലാത്ത സ്ഥാനമുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളെ കൊളോണിയൽ ചിഹ്നങ്ങളിൽനിന്ന് മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് പേര് മാറ്റിയതെന്ന് അമിത് ഷാ പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കൊളോണിയൽ ചിഹ്നങ്ങളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്യാൻ ഇന്ന് നാം തീരുമാനിച്ചു” -എക്‌സിൽ എഴുതിയ കുറിപ്പിൽ അമിത്ഷാ പറഞ്ഞു.
‘ശ്രീ വിജയ പുരം’ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പങ്കിനെയും പ്രതീകവൽകരിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. ‘ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇപ്പോൾ ഇന്ത്യയുടെ തന്ത്രപരവും വികസനപരവുമായ നിർണായക അടിത്തറയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവർണപതാക പ്രകാശനം ചെയ്ത സ്ഥലമാണിത്. രാഷ്ട്ര സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളും സവർക്കറും കിടന്ന സെല്ലുലാർ ജയിലും ഇവിടെയാണ്” -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.