'അനധികൃത നിർമാണം' ആരോപിച്ച് യു.പിയിൽ 185 വർഷം പഴക്കമുള്ള മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചു
text_fieldsഫത്തഹ്പുർ (യുപി): 'അനധികൃത നിർമാണം' എന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഫത്തഹ്പുർ ജില്ലയിൽ 185 വർഷം പഴക്കമുള്ള നൂരി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചു.
ബന്ദ-ബഹ്റൈച്ച് ഹൈവേ വീതി കൂട്ടുന്നതിന് തടസ്സമാണെന്നും നിർമാണം നിയമവിരുദ്ധമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പ് പൊളിച്ചത്. മസ്ജിദിന് ചുറ്റുമുള്ള 200 മീറ്റർ ചുറ്റളവിലുള്ള കടകൾ പൂട്ടിച്ച് കനത്ത സുരക്ഷയൊരുക്കിയായിരുന്നു നടപടി.
ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബുൾഡോസർ ഉപയോഗിച്ച് 20 മീറ്ററോളം പൊളിച്ചുമാറ്റി. ഇതിന്റെ അവശിഷ്ടങ്ങൾ നീക്കുന്നത് തുടരുകയാണെന്ന് ലലൗലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഇൻസ്പെക്ടർ വൃന്ദാവൻ റായ് പറഞ്ഞു.
ലലൗലി നഗരത്തിലെ നൂരി മസ്ജിദ് 1839ൽ പണിതതാണെന്നും അതിനു ചുറ്റുമുള്ള റോഡ് 1956ൽ നിർമിച്ചതാണെന്നും മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി ട്രസ്റ്റി മുഹമ്മദ് മോയിൻ ഖാൻ പറഞ്ഞു. നീതിക്കുവേണ്ടി അലഹബാദ് ഹൈകോടതിയെ സമീപിച്ചതായും ഹരജി ഡിസംബർ 12ന് പരിഗണിക്കാനിരിക്കുന്നതിനിടെയാണ് പൊളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ദ -ബഹ്റൈച്ച് ഹൈവേ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നതിനാൽ, ലലൗലി പട്ടണത്തിൽ പൊലീസിനെയും ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.