പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയും മുമ്പ് യു.പിയിലെ എക്സ്പ്രസ് വേ തകർന്നു
text_fieldsലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയും മുമ്പ് യു.പിയിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ തകർന്നു. എക്സ്പ്രസ് വേയിൽ വലിയ കുഴികൾ രൂപപ്പെടുകയായിരുന്നു. കനത്ത മഴയെ തുടർന്നാണ് റോഡ് തകർന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 296 കിലോ മീറ്റർ നീളമാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേക്കുള്ളത്.
റോഡ് തകർന്നതിനെ തുടർന്ന് രണ്ട് കാറുകളും ഒരു മോട്ടോർ സൈക്കിളും കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡിന്റെ തകർച്ചയിൽ വിമർശനവുമായി എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. എക്സ്പ്രസ് വേയിലെ വൻ കുഴികളുടെ ചിത്രം പങ്കുവെച്ചായിരുന്നു അഖിലേഷിന്റെ വിമർശനം.
ഇതാണ് യു.പിയിലെ ബി.ജെ.പിയുടെ വികസനത്തിന്റെ നിലവാരം. എക്സ്പ്രസ് വേ വലിയ ആളുകളാണ് ഉദ്ഘാടനം ചെയ്തതത്. എന്നാൽ ഒരാഴ്ചക്കുള്ളിൽ തന്നെ അഴിമതിയുടെ വലിയ കുഴികൾ റോഡിൽ രൂപപ്പെട്ടുവെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരിഹസിച്ച് ആം ആദ്മി പാർട്ടിയും രംഗത്തെത്തി.
എന്നാൽ, റോഡിൽ വെള്ളംകയറിയത് മൂലമാണ് തകർച്ചയുണ്ടായതെന്നും തകരാർ പരിഹരിച്ചുവെന്നുമാണ് ഉത്തർപ്രദേശ് എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.