ഇന്ത്യ-പാക് സമാധാനശ്രമങ്ങൾക്ക് ഹുർറിയത് മിതവാദി വിഭാഗത്തിെൻറ പിന്തുണ
text_fieldsശ്രീനഗർ: മേഖലയിൽ ശാന്തിയും സമാധാനവും കൈവരുത്താൻ ഇന്ത്യയും പാകിസ്താനും നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്ന് ഹുർറിയത് കോൺഫറൻസ് മിതവാദി വിഭാഗം വ്യക്തമാക്കി.
നിയന്ത്രണരേഖയിൽ വെടിനിർത്തൽ പാലിക്കാനും മറ്റുമുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനം നല്ലമാറ്റമാണെന്ന് മീർവാഇസ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന ഹുർറിയത് പ്രസ്താവനയിൽ പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ജമ്മു-കശ്മീർ ജനതയെ കാര്യമായി ബാധിക്കുന്നുണ്ട്.
കശ്മീർ പ്രശ്നത്തിന് സമാധാനപരമായി പരിഹാരം കാണാനുള്ള ആദ്യ നടപടിയായി നയംമാറ്റം മാറുമെന്ന് കരുതുന്നു. എന്നാൽ, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലും ഭയാന്തരീക്ഷവും മാറാതെ ഇതുകൊണ്ടൊന്നും കാര്യമുണ്ടാകില്ല. മാറ്റത്തിനായി, ജയിലിലും വീട്ടുതടങ്കലിലുമുള്ള രാഷ്ട്രീയ തടവുകാരെയും യുവാക്കളെയും വിട്ടയക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഉഭയകക്ഷി തർക്കം ചർച്ചയിലൂടെ പരിഹരിക്കണം –പാക് പ്രതിനിധി
ന്യൂഡൽഹി: കശ്മീർ അടക്കം ഇന്ത്യക്കും പാകിസ്താനുമിടയിലെ ഉഭയകക്ഷി തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യയിലെ പാക് ഹൈകമീഷൻ ഷർഷെ ദേഫ അഫ്താബ് ഹസൻ ഖാൻ.
ഇരു രാജ്യങ്ങളുടെയും വികസനത്തിന് മേഖലയിലെ സ്ഥിരതയും സമാധാനവും അത്യാവശ്യമാണ്. കാതലായ കശ്മീർ പ്രശ്നം ഉൾപ്പെടെ ഉഭയകക്ഷി പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചാൽ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം നിലനിൽക്കൂ.
നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ഉൾപ്പെടെ ഇരുരാജ്യങ്ങളും ഉണ്ടാക്കിയ ഉടമ്പടികളും ധാരണകളും തങ്ങൾ കർശനമായി പാലിക്കുമെന്നും പാകിസ്താൻ ഡേയുമായി ബന്ധപ്പെട്ട് ഹസൻ ഖാൻ നൽകിയ സന്ദേശത്തിൽ പറയുന്നു. പാകിസ്താൻ രൂപവത്കരണത്തിനുള്ള ലാഹോർ പ്രമേയം പാസാക്കിയ മാർച്ച് 23 പാകിസ്താൻ ഡേ ആയാണ് അവർ ആഘോഷിക്കുന്നത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.