നാവികരുടെ മോചനത്തിന് സാധ്യത; ഇന്ത്യൻ ഹൈക്കമീഷണർ ഗിനിയൻ അധികൃതരെ ബന്ധപ്പെട്ടു
text_fieldsകോഴിക്കോട്: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന കസ്റ്റഡിയിലെടുത്ത മലയാളികളടക്കമുള്ള ഇന്ത്യൻ നാവികരുടെ മോചനത്തിന് വഴി തെളിയുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഹൈക്കമീഷണർ ജി. സുബ്രഹ്മണ്യം ഗിനിയൻ അധികൃതരുമായി ബന്ധപ്പെട്ടതായാണ് ഒടുവിലത്തെ വിവരം. തടവിലുള്ള നാവികർക്ക് ഇന്ത്യൻ എംബസി ഭക്ഷണവും വെള്ളവും എത്തിച്ചതായും കപ്പലിന്റെ രേഖകൾ അധികൃതർക്ക് കമ്പനി കൈമാറിയതായുമാണ് ലഭിക്കുന്ന വിവരം.
കപ്പലിലെ ചീഫ് ഓഫിസറും സുൽത്താൻ ബത്തേരി സ്വദേശിയുമായ സനു ജോസ്, തേഡ് ഓഫിസർ കൊല്ലം കുളത്തൂപ്പുഴ സ്വദേശി വിജിത് വി. നായര്, ഓയിലർ ആയ എറണാകുളം പൊന്നാരിമംഗലം സ്വദേശി മിൽട്ടൺ എന്നിവരാണ് തടവിലുള്ള മലയാളികൾ. ഇവരെ കൂടാതെ 13 ഇന്ത്യക്കാരും മറ്റ് രാജ്യക്കാരായ 10 പേരും കസ്റ്റഡിയിലുണ്ട്. സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന സനു ജോസിനെ തിങ്കളാഴ്ച കപ്പലിലേക്ക് മടക്കി അയച്ചിരുന്നു. എന്നാൽ, മറ്റ് 15 പേരെ ജയിലിലേക്ക് മാറ്റി.
'എം.ടി ഹീറോയിക് ഇദുൻ' എന്ന എണ്ണക്കപ്പൽ ആഗസ്റ്റ് എട്ടിനാണ് ഗിനിയൻ സേന പിടികൂടിയത്. കസ്റ്റഡിയിലുള്ളവരെ മുമ്പ് താമസിപ്പിച്ച ഹോട്ടലിലേക്ക് തിരികെയെത്തിച്ചെന്നായിരുന്നു ആദ്യ വിവരം. പിന്നീടാണ് ജയിലിലെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന സന്ദേശം എത്തിയത്.
സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്ക് കൊണ്ടുപോയെന്നും മറ്റുള്ളവരെയും ഉടൻ നൈജീരിയക്ക് കൈമാറുമെന്നും സൂചനയുണ്ടായിരുന്നു. ഈ നീക്കം ഇന്ത്യ തടഞ്ഞിരുന്നു. അതിൽ ആശ്വാസം കൊണ്ടിരിക്കെയാണ് തിങ്കളാഴ്ച വീണ്ടും ഇവരെ നൈജീരിയക്ക് കൈമാറുന്നതിന് നീക്കം തുടങ്ങിയതായി വിവരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.