മുക്താർ അൻസാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; ഖബറടക്കം ഇന്ന്
text_fieldsലഖ്നോ: അഞ്ചുതവണ ഉത്തർപ്രദേശ് എം.എൽ.എയായ മുക്താർ അൻസാരിയുടെ മരണം ഹൃദയാഘാതം കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അൻസാരിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന ആരോപണം കുടുംബം ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച അബോധാവസ്ഥയിൽ കണ്ട 63കാരനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച വന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പരിശോധിച്ച ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മരണകാരണം ഹൃദയാഘാതമാണെന്ന് അറിയിക്കുകയായിരുന്നു.
അൻസാരിയുടെ ഖബറടക്കം ഇന്ന് ഉത്തർപ്രദേശിലെ ഗാസിപൂരിൽ ശക്തമായ സുരക്ഷാ അകമ്പടിയോടെ നടക്കും. ജയിലിലായ മുക്താറിന്റെ മകൻ അബ്ബാസ് അൻസാരി പിതാവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല.
ബന്ദയിലെ ജയിലിൽ കഴിഞ്ഞിരുന്ന മുക്താർ അൻസാരി അറുപതോളം കേസുകളിൽ പ്രതിയായിരുന്നു. റാണി ദുർഗാവതി മെഡിക്കൽ കോളജിൽ വച്ചാണ് പോസ്റ്റ് മോർട്ടം നടന്നതെന്നും ഡോക്ടർമാരുടെ അഞ്ചംഗ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്നും മുക്താർ അൻസാരിയുടെ ഇളയ മകൻ ഉമർ അൻസാരി പറഞ്ഞു. പിതാവിനെ വിഷം കൊടുത്ത് കൊന്നതാണെന്നും ഇക്കാര്യത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഉമർ അൻസാരി ആവർത്തിച്ചു.
പോസ്റ്റ് മോർട്ടത്തിനു ശേഷം അൻസാരിയുടെ ശരീരം സ്വദേശമായ ഗാസിപൂരിലേക്ക് മാറ്റി. ഖബറടക്കം ഗാസിപൂരിലെ കുടുംബ ഖബർസ്ഥാനിൽ നടക്കും. മാതാവിന്റെ ഖബറിന് തൊട്ടരികിലായാണ് അൻസാരിക്കും ഖബർ ഒരുക്കിയിട്ടുള്ളത്. അൻസാരി അഞ്ച് തവണ എം.എൽ.എയായി സേവനമനുഷ്ഠിച്ച മൗ ഉൾപ്പെടെ ഗാസിപൂരിലും പരിസര ജില്ലകളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.