ജോലി സമയത്ത് ഇൻസ്റ്റയിൽ റീലിട്ടു; വനിത കണ്ടക്ടർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: ജോലി സമയത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട സർക്കാർ ബസിലെ വനിത കണ്ടക്ടർക്ക് സസ്‌പെൻഷൻ. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനാണ് കണ്ടക്ടർ മംഗൾ ഗിരിക്കെതിരെ നടപടിയെടുത്തത്. ഔദ്യോഗിക യൂനിഫോമിലും ജോലി സമയങ്ങളിലും ഉള്ള ഇവരുടെ നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിലുള്ളത്. എം.എസ്.ആർ.ടി.സി നിയമപ്രകാരം ജോലി സമയങ്ങളിൽ ഇത്തരം പ്രവൃത്തികൾ അനുവദനീയമല്ലെന്ന് അധികൃതർ പറഞ്ഞു.
''എട്ട് മണിക്കൂറാണ് ജോലി സമയം. ഈ സമയത്ത് നിരവധി പോസ്റ്റുകളും റീലുകളും ഇടുന്നത് മുഖവിലക്കെടുക്കേണ്ട ഗുരുതര പ്രശ്നമാണ്'' അധികൃതർ പറഞ്ഞു. മംഗൾ ഗിരിക്ക് വിഡിയോ എടുത്ത് നൽകുന്ന സഹപ്രവർത്തകൻ കല്യാൺ കുംബറിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. മംഗൾ ഗിരിക്ക് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഫേസ്ബുക്കിലുള്ളത്.
അതേസമയം എം.എസ്.ആർ.ടി.സിയുടെ നടപടിയെ ചോദ്യം ചെയ്ത് ഭവന മന്ത്രി ജിതേന്ദ്ര അവാധ് രംഗത്തെത്തി. സ്വന്തം വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നിയമനടപടിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
''ഇന്റർനെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും വരവിന് ശേഷം ഔദ്യോഗിക ജോലി നിയമങ്ങളിൽ നവീകരണം വരേണ്ടതുണ്ട്. വ്യക്തിപരമായ ഫോൺ കാളുകൾ പോലും നിരോധിക്കണം. സർക്കാർ ഉഗ്യോഗസ്ഥർ ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുമ്പോൾ പൊതുജനങ്ങൾ തടയാൻ ഭയക്കും'', സിറ്റിസൺസ് ഫോറം കമ്മിറ്റി അംഗം ജിതേന്ദ്ര ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.